Latest News

ഇതരസംസ്ഥാനക്കാരനെ തല്ലിക്കൊന്ന സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലം: കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചു ബംഗാള്‍ സ്വദേശി മണിക് റോയിയെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. പനയഞ്ചേരി ശിവശൈലത്തില്‍ ശശിധരക്കുറുപ്പ് (60), തഴമേല്‍ മുംതാസ് മന്‍സില്‍ ആസിഫ് (23) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]

കഴിഞ്ഞദിവസമാണു ബംഗാൾ മാൾഡ സ്വദേശിയായ മണിക് റോയി (50) മർദനമേറ്റു മരിച്ചത്. വിലയ്ക്കു വാങ്ങിക്കൊണ്ടു പോയ കോഴിയെ മോഷ്ടിച്ചതാണെന്നു ആരോപിച്ച് ഒരു സംഘം മണിക്കിനെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴിഞ്ഞ 24നു വൈകിട്ടാണു മർദനമേറ്റത്. 

ഞായറാഴ്ച ജോലിസ്ഥലത്തു കുഴഞ്ഞുവീണ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരിച്ചത്.

അറസ്റ്റിലായവരുൾപ്പെടെ അഞ്ചുപേർ സംഘത്തിലുണ്ടായിരുന്നെന്നാണു മണിക്കിന്റെ മൊഴി. ഇവർ മദ്യലഹരിയിലായിരുന്നെന്നും ആരോപണമുണ്ട്. താമസസ്ഥലത്തിനു സമീപമുള്ള വീട്ടിൽനിന്നു കോഴിയെ വിലയ്ക്കുവാങ്ങി കൊണ്ടുപോകുകയായിരുന്ന മണിക്കിനെ ഇവർ സംഘം ചേർന്നു മർ‌ദിക്കുകയായിരുന്നെന്നാണു കേസ്. 

മോഷ്ടിച്ചതല്ലെന്നു പലവട്ടം മണിക്ക് കരഞ്ഞപേക്ഷിച്ചെങ്കിലും പ്രതികൾ വിട്ടില്ല. കോഴിയെ വിറ്റവർ എത്തി അക്കാര്യം പറഞ്ഞിട്ടും മർദനം തുടർന്നു.

ശശിധരക്കുറുപ്പിനെയും ആസിഫിനെയും സംഭവദിവസം മർദനക്കേസിൽ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായി അഞ്ചൽ പോലീ സ് അറിയിച്ചു. 

മണിക് റോയി അഞ്ചുവർഷം മുൻപാണ് അഞ്ചലിലെത്തിയത്. കെട്ടിട നിർമാണകരാറുകാർക്കൊപ്പം ജോലി ചെയ്യുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.