Latest News

ഭാര്യമാരെ നാട്ടിലുപേക്ഷിച്ച് കടന്നുകളഞ്ഞ എട്ട് പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കി

ന്യൂഡല്‍ഹി: ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ചശേഷം വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തിലുള്ള എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കി. ഇവര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനിതാ - ശിശു വികസന മന്ത്രാലയം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.[www.malabarflash.com]

കഴിഞ്ഞ രണ്ടു മാസത്തിനിടെ എണ്‍പതോളം പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്താണ് ആദ്യഘട്ടത്തില്‍ എട്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചുപേരുടെ പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞമാസം തന്നെ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. 

ദേശീയ വനിതാ കമ്മീഷന്‍ പരിശോധനയ്ക്ക് വിധേയമാക്കിയ പരാതികളില്‍ വനിതാ - ശിശുവികസന മന്ത്രാലയ സെക്രട്ടറി നേതൃത്വം നല്‍കുന്ന സമിതിയാണ് പാസ്‌പോര്‍ട്ട് അസാധുവാക്കുന്നത് അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സമിതി. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ക്രിമിനല്‍ കേസുകളില്‍പ്പെടുകയും അറസ്റ്റും കോടതിയില്‍ ഹാജരാകുന്നതും ഒഴിവാക്കുന്നതിനുവേണ്ടി വിദേശത്ത് കഴിയുകയും ചെയ്യുന്ന പ്രവാസികള്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.