Latest News

ശ്രീധരൻപിള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ

ന്യൂഡൽഹി: ബിജെപി സംസ്ഥാന പ്രസിഡന്റായി പി.എസ്.ശ്രീധരൻ പിള്ളയെ ദേശീയ അധ്യക്ഷൻ അമിത് ഷാ നിയമിച്ചു. വി.മുരളീധരൻ എംപിയെ ആന്ധ്രയുടെ ചുമതലയുള്ള പ്രഭാരിയായും നിയമിച്ചു. സ്വീകാര്യനായ മുൻ സംസ്ഥാന പ്രസിഡന്റിനെത്തന്നെ പുതിയ പ്രസിഡന്റാക്കി വിഭാഗീയതയ്ക്കു പരിഹാരം കാണുകയെന്ന ‘രാംലാൽ ഫോർമുല’യുടെ അടിസ്ഥാനത്തിലാണു ശ്രീധരൻ പിള്ളയുടെ നിയ‌‌മനം.[www.malabarflash.com]

മുരളീധരന്റെ നിയമനത്തോടെ ബിജെപിയും മലയാളി നേതാക്കളുടെ സംഘാടന വൈഭവം അംഗീകരിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായി കോൺഗ്രസ് നിയോ‌ഗിച്ചത് ഈയിടെയാണ്.

സ്വീകാര്യനായ മുൻ അധ്യക്ഷരിലൊരാളെ പ്രസിഡന്റാക്കുന്നതാണ് ഉചിതമെന്ന നിർദേശം, സംഘടനാ സെക്രട്ടറി രാംലാൽ, അമിത് ഷായ്ക്കു മുന്നിൽ വയ്ക്കുകയായിരുന്നു. പ്രവർത്തകർക്കിടയിലെ സ്വീകാര്യത, ആർഎസ്എസിന്റെ അംഗീകാരം, എസ്എൻഡിപിയും എൻഎസ്എസും ഉൾപ്പെടെയുള്ള പ്ര‌‌മുഖ സംഘടനകളുമായുള്ള ബന്ധം, ക്രൈസ്തവ വിഭാഗങ്ങളുമായുള്ള അടുപ്പം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പിള്ളയ്ക്ക് അനുകൂലമായി. രാംലാലും ശ്രീധരൻ പിള്ളയും ഹ്രസ്വചർച്ച നടത്തിയതിനു പിന്നാലെയായിരുന്നു പുതിയ അധ്യക്ഷനെ നിയമിച്ചു കൊണ്ടുള്ള പ്രഖ്യാപനം.

തെലങ്കാനയുടെ ചുമതലയുള്ള പാർട്ടി ഭാരവാഹി പി.കെ.കൃഷ്ണദാസും ശ്രീധര‍ൻപിള്ളയ്ക്കൊപ്പം രാംലാലുമായി ചർച്ച നടത്തി. 

ശ്രീധരൻ പിള്ള രണ്ടാംവട്ടമാണ് സംസ്ഥാന അധ്യക്ഷനാകുന്നത്. മുൻപ്, 2003 മുതൽ 2006 വരെ അധ്യക്ഷനായിരുന്നു. നിലവിൽ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. പ്രമുഖ അഭി‌ഭാഷകനും നൂറോളം കൃതികളുടെ കർത്താവുമാണു ശ്രീധരൻ പിള്ള. രണ്ടാം വട്ടം അധ്യക്ഷ സ്ഥാനത്തേക്കു നിയോഗി‌ക്കുമ്പോൾ പാർട്ടി പ്രതീക്ഷയർപ്പിക്കുന്നതും ഈ ബഹുമുഖ മികവിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.