Latest News

‘പവിഴങ്ങളുടെ രാജ്യത്തേക്ക്’ കവാടം തുറന്ന് ഷാര്‍ജ അല്‍ മുന്‍തസ പാര്‍ക്ക്

ഷാര്‍ജ: കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് യാത്രാനുഭവത്തിന്റെ പുത്തന്‍ വിഭവങ്ങളുമായി ഷാര്‍ജ അല്‍ മുന്‍തസ പാര്‍ക്ക് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ‘പേള്‍ കിങ്ഡം’ എന്ന് പേരിട്ടിരിക്കുന്ന പാര്‍ക്കിലെ വാട്ടര്‍ തീം പാര്‍ക്കാണ് സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നത്. [www.malabarflash.com]

പത്തുകോടി ദിര്‍ഹം ചിലവഴിച്ച് നവീകരിച്ച പാര്‍ക്കില്‍ പുത്തന്‍ റൈഡുകളും വിനോദങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നു. ഒരേ സമയം 7,000 സന്ദര്‍ശകരെ ഉള്‍കൊള്ളാന്‍ പാകത്തിലുള്ളതാണ് പേള്‍ കിങ്ഡം. 

കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ യു എ ഇയിലെ തന്നെ ഏറ്റവും മികച്ച വിനോദകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഷാര്‍ജ നഗരമധ്യത്തില്‍ ഖാലിദ് ലഗൂണിന് സമീപം പച്ച പുതച്ചു നില്‍ക്കുന്ന പാര്‍ക്കിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനം കവരും.

പവിഴ ലോകത്തെ രാജകുമാരിയുടെ കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പാര്‍ക്കില്‍ 35 പുതിയ റൈഡുകളാണുള്ളത്. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും മാതൃകകളില്‍ മറഞ്ഞു നില്‍ക്കുന്ന നിധികള്‍ തേടി അന്വേഷണം നടത്തുന്ന പോലെയാണ് വാട്ടര്‍ റൈഡുകള്‍ ഒരുക്കിയിരിക്കുന്നത്. 

കുട്ടികളുടെ താത്പര്യങ്ങള്‍ക്കും സുരക്ഷക്കും മുന്‍ഗണന നല്‍കിയാണ് റൈഡുകളുടെ രൂപകല്‍പന. മുതിര്‍ന്നവരെ സാഹസികതയുടെയും ആഘോഷത്തിന്റെയും ലോകത്തേക്ക് കൈപിടിക്കുന്ന റൈഡുകളുമുണ്ട്. ഒരേ സമയം 200 പേരെ ഉള്‍കൊള്ളുന്ന ‘വേവ് പൂള്‍’, 100 കുട്ടികള്‍ക്ക് ഒരേനേരം ആസ്വദിക്കാവുന്ന ‘കിഡ്‌സ് സ്ലൈഡ്’, ‘ഫഌയിങ് കാര്‍പറ്റ്’, ‘മിസ്റ്ററി റിവര്‍’ തുടങ്ങി നിരവധി അനുഭവങ്ങള്‍ അല്‍ മുന്‍തസയെ വേറിട്ട് നിര്‍ത്തുന്നു.

വിനോദങ്ങളോടൊപ്പം രുചിയുടെ ലോകവും പാര്‍ക്കിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 1000 പേരെ ഉള്‍ക്കൊള്ളാവുന്ന രുചികേന്ദ്രത്തിന് പുറമെ പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വിഭവങ്ങളോടൊപ്പം ഐസ് ക്രീം, ഫാസ്റ്റ് ഫുഡ് തുടങ്ങി വന്നെത്തുന്നവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള രുചികളെല്ലാം ഇവിടെ ലഭ്യം. 

യുഎഇയിലെ വിനോദ സഞ്ചാര മേഖലയിലെ പുതിയ അധ്യായമാണ് ഷാര്‍ജയില്‍ ഈ ഒരുങ്ങിയിരിക്കുന്നത്. കുടുംബ സമേതമുള്ള അവധിദിനങ്ങള്‍ ചിലവഴിക്കാനും ആഘോഷങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ ഇടം. ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന റൈഡുകള്‍ രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. 

ലോകത്തെ തീം പാര്‍ക്ക് അസോസിയേഷനുകളുടെ അംഗീകാരവുമുണ്ട്. റൈഡുകള്‍ക്കൊപ്പം പ്രത്യേക പാക്കേജുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് മാനേജര്‍ ഖാലിദ് അല്‍ ഖസീര്‍ പറയുന്നു.
ചൊവ്വാഴ്ചകള്‍ ‘ലേഡീസ് ഡേ’ ആയിരിക്കും. അന്നേ ദിവസം വൈകുന്നേരം നാല് മുതല്‍ ആറു വരെ സാംബാ നൃത്തമൊരുക്കും. ആറു മുതല്‍ ഒന്‍പതു വരെ ഡീജെയും ആസ്വദിക്കാം.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ തത്സമയ സംഗീത പരിപാടികളും ഒരുക്കുന്നുണ്ട്. അന്നേ ദിവസങ്ങളില്‍ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ഡീജെ സമയമാണ്. 

ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ശുറൂഖ്) നേതൃത്വത്തിലാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം. ‘ഐലന്‍ഡ് ഓഫ് ലെജന്‍ഡ്‌സ്’ എന്ന് പേരുള്ള പാര്‍ക്കിന്റെ രണ്ടാം ഘട്ടം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവും. ഒന്‍പതു രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ‘ടൈം ട്രാവല്‍’ അനുഭവവും റൈഡുകളും വിനോദങ്ങളും ഒന്നിക്കുന്ന ഐലന്‍ഡ് ഓഫ് ലെജന്‍ഡ്സ് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പാര്‍ക്കിനു ഉള്‍ക്കൊള്ളാവുന്ന സന്ദര്‍ശകരുടെ എണ്ണം 17000 ആയി വര്‍ധിക്കും.

26 റൈഡുകളാണ് രണ്ടാം ഘട്ടത്തില്‍ പുതുതായി തയ്യാറാക്കുന്നത്. രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം. മുതിര്‍ന്നവര്‍ക്ക് 150 ദിര്‍ഹംസ്, കുട്ടികള്‍ക്ക് 100 ദിര്‍ഹംസ്, എണ്‍പതു സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ക്ക് 50 ദിര്‍ഹംസ് എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പാര്‍ക്കിംഗ് സൗജന്യമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.