Latest News

വാഹനാപകടത്തില്‍ മരിച്ചയാളുടെ ബന്ധുക്കളില്‍ നിന്നു കൈക്കൂലി; അഡീഷണല്‍ എസ്‌ഐ വിജിലന്‍സ് പിടിയില്‍

അമ്പലപ്പുഴ: വാഹനാപകടത്തില്‍ മരിച്ചയാളുടെ ബന്ധുക്കളില്‍ നിന്നു കൈക്കൂലി വാങ്ങവേ എസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ ആലപ്പുഴ ആശ്രമം വാര്‍ഡില്‍ വെളിംപറമ്പു വീട്ടില്‍ എ എന്‍ കബീറിനെ (56)യാണ് വിരമിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിനില്‍ക്കെ വിജിലന്‍സ് ആലപ്പുഴ യൂണിറ്റ് ഡിവൈഎസ്പി റെക്‌സ് ബോബി അര്‍വിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഏപ്രില്‍ 11ന് പുലര്‍ച്ചെ 1.30 ന് കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയും കന്യാകുമാരിയില്‍ നിന്നു കൊച്ചിയിലേക്കു മത്സ്യത്തൊഴിലാളികളുമായി പോകുകയായിരുന്ന വാനും കൂട്ടിയിടിച്ചിരുന്നു. അപകടത്തില്‍ മരിച്ച കന്യാകുമാരി ഇരവിപുത്തുര്‍ സെന്റ് ജോസഫ് കോളനിയില്‍ വിജയകുമാ (35)റിന്റെ ഭാര്യാസഹോദരന്‍ ബിബീഷില്‍ നിന്നാണ് കബീര്‍ കൈക്കൂലി വാങ്ങിയത്. അപകടത്തില്‍ വിജയകുമാറിനൊപ്പമുണ്ടായിരുന്ന നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകടം നടന്ന് 10 ദിവസത്തിനു ശേഷം സ്‌റ്റേഷനിലെത്തിയ ബിബീഷ്, ബന്ധു ബ്രൂസണ്‍, ഡ്രൈവര്‍ ജാക്‌സണ്‍, ജോയി എന്നിവര്‍ക്ക് പ്രഥമവിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പും അപകടത്തില്‍പ്പെട്ട മഹീന്ദ്രവാനും കൈമാറി. ഈ സമയം കബീര്‍ 10,000 രൂപ ആവശ്യപ്പെട്ടു. അത്രയും തുക കൈവശം ഇല്ലാതിരുന്നതിനാല്‍ 3000 രൂപ നല്‍കി. ജോയിയുടെ ഫോണ്‍ നമ്പര്‍ കൈവശപ്പെടുത്തിയ കബീര്‍ 12,000 രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ടു. പരിക്കുപറ്റിയവര്‍ ഓരോരുത്തരും 1500 രൂപയും നല്‍കണമെന്ന് പറഞ്ഞു. ഈ പണം നല്‍കിയില്ലങ്കില്‍ കേസ് അനുകൂലമാകില്ലന്നും കബീര്‍ ഭീഷണിപ്പെടുത്തി.

ബാക്കി പണം കൂടി നല്‍കിയാലേ പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റും ചാര്‍ജ് ഷീറ്റും കൈമാറാന്‍ കഴിയൂ എന്നും കബീര്‍ പറഞ്ഞു. ഞായറാഴ്ച ആറാട്ടുവഴി പെട്രോള്‍ പമ്പിനു സമീപം നിന്ന ഇവരെക്കണ്ട് കബീര്‍ 7000 രൂപ കൂടി നല്‍കണമെന്നു പറഞ്ഞു.

തിങ്കളാഴ്ച പണവുമായി എത്താമെന്നു പറഞ്ഞ ബിബീഷും ജാക്‌സണും വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് രാസവസ്തു പുരട്ടി നല്‍കിയ നോട്ട് ആലപ്പുഴയിലെ കൂടിക്കാഴ്ചയ്ക്കിടെ ഇവര്‍ കബീറിനു കൈമാറി. പകല്‍ മൂന്നരയോടെ കബീര്‍ പണവുമായി സ്‌റ്റേഷനിലെത്തിയപ്പോള്‍ സ്ഥലത്തെത്തിയ വിജിലന്‍സ് സംഘം മേശപ്പുറത്തുനിന്ന് ഫിനോഫ്ത്തലിന്‍ പുരട്ടിയ 7,000 രൂപ അടങ്ങിയ ഇയാളുടെ പേഴ്‌സ് കണ്ടെടുത്തു. അറസ്റ്റിനിടെ നെഞ്ചുവേദനയനുഭവപ്പെട്ട കബീറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സിഐമാരായ കെ എ തോമസ്, ഋഷികേശന്‍ നായര്‍, സനല്‍കുമാര്‍, എസ്‌ഐമാരായ ആന്റണി, കെ സി ഭുവനേന്ദ്രദാസ്, അജീഷ്‌കുമാര്‍, എഎസ്‌ഐമാരായ മനോജ് ജയലാല്‍, സുനീഷ്, കിഷോര്‍കുമാര്‍, സീനിയര്‍ സിപിഒ ബൈജു, സിപിഒ ആന്‍സ് എന്നിവരുമുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.