Latest News

അണ്ടോണ കെഎം മൊയ്തീന്‍ഷാ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്: സുന്നി പ്രാസ്ഥാനിക രംഗത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ അണ്ടോണ കെഎം മൊയ്തീന്‍ഷാ മാസ്റ്റര്‍ (85) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് അണ്ടോണയിലെ സ്വവസതിയിലായിരുന്നു അന്ത്യം. മയ്യിത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് അണ്ടോണ ജുമുഅ മസ്ജിദിൽ[www.malabarflash.com]

സുന്നി പസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഒപ്പം അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നു ഷാ മാസ്റ്റര്‍. കാന്തപുരവും ഷാ മാസ്റ്ററും വാവാട് ദര്‍സില്‍ സഹപാഠികളായിരുന്നു. മര്‍കസിന്റെ തുടക്കം മുതല്‍ അതിന്റെ ഭാരവാഹിയായി പ്രവര്‍ത്തിക്കുകയും ഏത് പ്രതിസന്ധിയിലും പ്രസ്ഥാനത്തിന് കരുത്തായി നിലനില്‍ക്കുകയും ചെയ്തു.

പഴയ കാലത്തെ മതപ്രഭാഷണ വേദികളിലെ മിന്നുന്ന താരമായിരുന്നു ഷാ മാസ്റ്റര്‍. മാസ്റ്ററുടെ നര്‍മം കലര്‍ന്ന പ്രഭാഷണങ്ങള്‍ ഏറെ ചിന്തോദീപകവുമായിരുന്നു. വിനയം, വിശാലമനസ്‌കത, സദാ പുഞ്ചിരി… എല്ലാം ഷാ മാസ്റ്ററുടെ മുഖമുദ്രയായിരുന്നുവെന്ന് സമകാലികര്‍ ഓര്‍ക്കുന്നു.

മര്‍ക്കസ് കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം, മര്‍ക്കസ് ബോര്‍ഡിംഗ് മദ്രസ മാനേജര്‍, മര്‍ക്കസ് ബനാത്ത് ഹോസ്റ്റല്‍ മാനേജര്‍, വിദ്യാഭ്യാസ ബോര്‍ഡ് അംഗം, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം, അണ്ടോണ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, കെ പി പി എച് എ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം അണ്ടോണ എ യു പി സ്‌കൂള്‍ പ്രാധാനാധ്യാപകനായിരുന്നു.

ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് സാലിഹ്(സൗദി), ഫൈസല്‍, അഷ്റഫ്(സൗദി), നസീറ, സറീന, റംല, മിനു മുംതസ്, ഫൗസിയ. മരുമക്കള്‍: അഹമ്മദ് കുട്ടി, അലി, മുഹമ്മദ്, മൊയ്തു ഫൈസി കണിയാമ്പറ്റ, അബ്ദുല്‍ ഹഖീം, സുഹറ, സുഹറ വെളിമണ്ണ, സല്‍മ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.