Latest News

ഗസല്‍ നാദം നിലച്ചു; ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഇടംപിടിച്ച പ്രമുഖ ഗായകന്‍ ഉമ്പായി (പി.എ.ഇബ്രാഹിം) വിടപറഞ്ഞു

കൊച്ചി: ആർദ്രമധുരമായ ഗസൽ സംഗീതത്തി​​​​ന്റെ  മലയാളി മുഖം ഉമ്പായി (പി.എ. ഇ​ബ്രാഹീം-68) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന്​ ഏറെനാളായി ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്​ച വൈകീട്ട്​ 4.40നാണ്​ അന്ത്യം.[www.malabarflash.com]

വ്യാഴാഴ്​ച രാവിലെ എട്ടുമുതൽ കൽവത്തി കമ്യൂണിറ്റിഹാളിൽ മൃതദേഹം പൊതുദർ​ശനത്തിന്​ വെക്കും. ​ഖബറടക്കം ഉച്ചക്ക്​ 12ന്​കൽവത്തി ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ.

മട്ടാഞ്ചേരി പടിഞ്ഞാറെ വീട്ടിൽ അബുവിന്റെ യും ഫാത്തിമയുടെയും മകനായി 1950 ജൂൺ 10നാണ്​ ഉമ്പായി ജനിച്ചത്​. ഫോർട്ട്​കൊച്ചി കൂവപ്പാടം ശാന്തിനഗറിലായിരുന്നു താമസം. ഭാര്യ: ഹഫ്​സത്ത്​. മക്കൾ: ഷൈല, സബിത, സമീർ. മരുമക്കൾ: നൗഷാദ്​, നൗഫൽ. ഏക​ സഹോദരി: സുഹ്​റ.

മട്ടാഞ്ചേരിയിലെ ഹാജി ഇൗസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്​കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുട്ടിക്കാലത്തു തന്നെ സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന ഉമ്പായി പിന്നീട്​ തബലയും ഹാർമോണിയവും പഠിച്ചു​. മുംബൈയിൽ ഏഴുവർഷത്തോളം ഉസ്​താദ്​ മുജാവർ അലിഖാന്റെ  കീഴിൽ ഹിന്ദുസ്​ഥാനി സംഗീതവും അഭ്യസിച്ചു.

തീക്ഷ്​​ണമായ ജീവിതാനുഭവങ്ങൾ താണ്ടിയ​ ഉമ്പായി, ഗസലിന്റെ  വിഷാദ സൗന്ദര്യവും വശ്യതയും മലയാളിക്ക്​ പകർന്നുനൽകിയ ജനകീയ ഗായകൻ കൂടിയാണ്​. പഴയ മലയാള സിനിമഗാനങ്ങളുടെ ഗസൽസ്​പർശമുള്ള പുനരാവിഷ്​കാരത്തിലൂടെയും സ്വന്തമായി പുറത്തിറക്കിയ ഗസൽ ആൽബങ്ങളിലൂടെയും കുറഞ്ഞകാലംകൊണ്ട്​ അദ്ദേഹം സംഗീതാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു. 

ഹോട്ടലുകളിലെ പാട്ടുകാരനായി ജോലി ചെയ്​തും സംഗീതപരിപാടികളുമായും രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു. ഒരുകാലത്ത്​ പിന്നണിഗായകൻ ​മഹ്​ബൂബി​​​​ന്റെ  ഗാനമേളകളിലെ സ്​ഥിരംസാന്നിധ്യമായിരുന്നു. ജോൺ എബ്രഹാമിന്റെ  ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിനുവേണ്ടി ഗസൽ ആലപിച്ചിട്ടുണ്ട്​.

ഹസ്രത് ജയ്​പുരി രചിച്ച ഉര്‍ദു ഗസലുകൾ ഉൾപ്പെടുത്തി 1988ൽ ‘ആദാബ്​’ എന്ന ആദ്യ ആൽബം പുറത്തിറക്കി. പിൽക്കാലത്ത്​ ഒ.എൻ.വി കുറുപ്പ്​, സച്ചിദാനന്ദൻ, യൂസുഫലി കേച്ചേരി, വേണു വി. ദേശം എന്നിവരുടെ രചനകളുമായി ഉമ്പായി പുറത്തിറക്കിയ ആൽബങ്ങൾ ഗസൽ എന്ന സംഗീതശാഖക്ക്​ മലയാളത്തിൽ പുതിയൊരു വഴി തുറന്നുകൊടുത്തു. 

അകലെ മൗനം പോൽ, പാടുക സൈഗാൾ പാടുക, ഗസൽ മാല, പ്രണാമം, ഹൃദയരാഗം, ഇതുവരെ സഖി നിന്നെ കാത്തിരുന്നു, മധുരമീ ഗാനം, മഹ്​ബൂബ്, നന്ദി പ്രിയസഖീ നന്ദി, ഒരിക്കൽ നീ പറഞ്ഞു, ഒരു മുഖം മാത്രം, ഭിർ വഹീ ശാ‌മ് എന്നിവയാണ്​ പ്രധാന ആൽബങ്ങൾ.

‘നോവൽ’ എന്ന സിനിമക്കുവേണ്ടി എം. ജയച​ന്ദ്രനുമായി ചേർന്ന്​ ഗാനങ്ങൾ ചിട്ടപ്പെടുത്തി. നാലരപ്പതിറ്റാണ്ട്​ പിന്നിട്ട സംഗീത ജീവിതത്തിനിടയിൽ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലുമായി നിരവധി പരിപാടികൾ അവതരിപ്പിച്ചു. മകൻ സമീർ ഗിത്താറിസ്​റ്റാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.