Latest News

വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല- സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.[www.malabarflash.com] 

വിവാഹേതര ലൈംഗികബന്ധത്തില്‍ പുരുഷന്‍മാരെമാത്രം കുറ്റക്കാരാക്കുന്ന 497-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്യത്തിന് കൂടുതല്‍ ഉറപ്പു നല്‍കിയുള്ള സുപ്രധാന വിധിയുണ്ടായിരിക്കുന്നത്.

ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്യത്തിനുമുള്ള സ്ത്രീയുടെ അവകാശത്തെ ഹനിക്കുന്നതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 497-ാം വകുപ്പ് എന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിന് കാരണമാകാമെങ്കിലും അതൊരു ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പു നല്‍കുന്നു. ലൈംഗികബന്ധത്തിന് സ്ത്രീയ്ക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തിന് അര്‍ഹമായ ബഹുമാനം ഉറപ്പു വരുത്തണം. അതിനെ വിവാഹത്തിലൂടെ ഹനിക്കാനാവില്ല. സമൂഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കാനും ജീവിക്കാനും സ്ത്രീയോട് ആവശ്യപ്പെടാനാവില്ലെന്നും സ്ത്രീ ഭര്‍ത്താവിന്റെ സ്വത്തല്ലെന്നും കോടതി പറഞ്ഞു.

ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. വിവാഹേതര ലൈംഗിക ബന്ധം സംബന്ധിച്ച കേസുകളില്‍ സ്ത്രീകളെക്കൂടി കുറ്റവാളിയാക്കണം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. വിവാഹത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നതിനാല്‍ ഈ നിയമം റദ്ദാക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

വിവാഹേതരബന്ധം ക്രിമിനല്‍കുറ്റമാക്കുന്ന 158 വര്‍ഷം പഴക്കമുള്ള ഐപിസി 497-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി ജോസഫ് ഷൈനാണ് ഹര്‍ജി നല്‍കിയത്. 

ഒരാളുടെ ഭാര്യയുമായി, അയാളുടെ സമ്മതമില്ലാതെ ബന്ധപ്പെടുന്ന പുരുഷന്‍ കുറ്റക്കാരനാകുന്നതാണ് ഈ വകുപ്പ്. ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ തന്റെ ഭാര്യയുമായി ബന്ധപ്പെട്ടയാള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കാം. അതേസമയം, ഭാര്യയെ ഇരയായി കണ്ട് വെറുതേ വിടുകയും ചെയ്യുന്നതാണ് ഈ വകുപ്പ്.

തന്റെ ഭര്‍ത്താവ് മറ്റൊരാളുമായി ബന്ധപ്പെട്ടാല്‍ ഈ വകുപ്പു പ്രകാരം സ്ത്രീക്ക് പരാതിപ്പെടാനുമാകില്ല. ഒട്ടുമിക്ക രാജ്യങ്ങളിലും വിവാഹേതരബന്ധം ക്രിമിനല്‍കുറ്റമല്ലെന്നിരിക്കേ ഇവിടെയും അത്തരത്തിലാക്കണമെന്നായിരുന്നു ഹര്‍ജിയിലെ വാദം. അതേസമയം, വിവാഹമോചനത്തിനുള്ള സിവില്‍ കുറ്റമായി നിലനിര്‍ത്താമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.