Latest News

ഖാസി കേസ്: പഴയ വാദങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് സി.ബി.ഐ; അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കി. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പി കെ.ജെ ഡാര്‍വിനാണ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.[www.malabarflash.com]

ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യയാണെന്ന മുന്‍ നിരീക്ഷണം ആവര്‍ത്തിക്കുകയാണ് പുതിയ റിപ്പോര്‍ട്ടിലും സി.ബി.ഐ ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് കോടതി ഒക്ടോബര്‍ 25ന് പരിഗണിക്കും. 

ഇതേ വാദമുന്നയിച്ച് നേരത്തേ രണ്ടുതവണ കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ ആക്രമണം നടന്നതിന്റെ ലക്ഷണമൊന്നുമില്ല, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ശാസ്ത്രീയ പരിശോധനാ ഫലം തുടങ്ങിയ തെളിവുകള്‍ പ്രകാരം കൊലപാതക സാധ്യത കാണുന്നില്ലെന്ന് പുതിയ റിപ്പോര്‍ട്ടിലും വിശദീകരിക്കുന്നു.

ഇതേ വാദങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ഓട്ടോ ഡ്രൈവറായ ആദൂര്‍ അശ്‌റഫ് എന്നയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സി.ബി.ഐ വീണ്ടും അന്വേഷണം ആരംഭിച്ചത്. 2010 ഫെബ്രുവരി 15നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്.

2010 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 14 വരെ ആറുതവണ ബാബു, നിശാന്ത് എന്നിവരെ ഖാസിയുടെ വീടിന് സമീപം ഓട്ടോയില്‍ കൊണ്ടുപോയി ഇറക്കിയിരുന്നുവെന്നാണ് ആദൂര്‍ അശ്‌റഫ് വെളിപ്പെടുത്തിയത്. ഇവര്‍ തന്റെ ഭാര്യാ പിതാവ് സുലൈമാനെയും സി.പി.എം നേതാവ് രാജനെയും കണ്ടിരുന്നെന്നും ഇയാള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഫെബ്രുവരി 14ന് ബാബുവിനെയും നിശാന്തിനെയും ഖാസിയുടെ വീടിന് സമീപം ഇറക്കി വിട്ട് അടുത്ത ദിവസം വീരാജ്‌പേട്ടയിലേക്ക് പോയ താന്‍ അവിടെ വച്ചാണ് ഖാസി മരിച്ച വിവരം അറിഞ്ഞതെന്നും തൊട്ടടുത്ത ദിവസം തന്റെ ഓട്ടോ കാണാതായെന്നും അശ്‌റഫ് പറഞ്ഞിരുന്നു.

എന്നാല്‍, ഭാര്യാ വീട്ടുകാരുമായി സ്വരച്ചേര്‍ച്ചയില്‍ അല്ലാതിരുന്ന ഇയാള്‍ ഭാര്യാപിതാവിനെ കുടുക്കാന്‍ സൃഷ്ടിച്ച കള്ളക്കഥയാണ് ഇതെന്നാണ് സി.ബി.ഐ നിഗമനം. നഷ്ടപ്പെട്ടുവെന്ന് പറയുന്ന ഓട്ടോ ഒരു വര്‍ഷത്തിന് ശേഷവും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നതായും സി.ബി.ഐ പറയുന്നു. അശ്‌റഫ് ആരോപണം ഉന്നയിച്ചവര്‍ക്ക് മൗലവിയുടെ മരണവുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തില്‍ ആത്മഹത്യയായിരിക്കാമെന്ന നിഗമനത്തിലാണ് എത്തിയത്. ഇതിനെ ചോദ്യം ചെയ്ത് മൗലവിയുടെ മകന്‍ മുഹമ്മദ് ശാഫി നല്‍കിയ ഹരജിയിലാണ് സി.ജെ.എം കോടതി തുടരന്വേഷണത്തിന് വീണ്ടും സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയത്. 

പൂര്‍ണമായി മതപരമായ ജീവിതം നയിക്കുന്ന മൗലവി ആത്മഹത്യ ചെയ്യില്ലെന്ന വാദം കണക്കിലെടുത്ത് കോടതി അന്ന് ശാസ്ത്രീയ അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നീടാണ് അശ്‌റഫിന്റെ വെളിപ്പെടുത്തല്‍ പ്രകാരം മൂന്നാമതും അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.