Latest News

ഫെയ്സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതി രാഷ്ട്രീയനേതാവിന്റെ ഒമ്പതുലക്ഷം തട്ടി

ബെംഗളൂരു: ഫെയ്സ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതി ജനതാദൾ-എസ് നേതാവിൽനിന്ന് ഒമ്പതുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. .[www.malabarflash.com]

തികലരപ്പാളയ സ്വദേശിനിയായ ഹരിണി (25), സഹായികളായ രവി പെങ്കപ്പ (40), വി. പ്രകാശ് (39) എന്നിവരെയാണ് ജ്ഞാനഭാരതി പോലീസ് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് നാലുലക്ഷം രൂപയും പോലീസ് കണ്ടെടുത്തു

സെപ്റ്റംബർ 20-നാണ് നാഗർഭാവി സ്വദേശിയായ എൽ. ശ്രീനിവാസ് കബളിപ്പിക്കപ്പെട്ടതായി പരാതിനൽകിയത്. ഒരുമാസംമുമ്പ് ഫെയ്സ്‌ബുക്കിലൂടെ പരിചയപ്പെട്ട ഹരിണി നൃത്താധ്യാപികയാണെന്നാണ് പരിചയപ്പെടുത്തിയത്. ഉത്സവദിനങ്ങളിൽ ആശംസകൾ കൈമാറിയാണ് ഇവർ സൗഹൃദം നിലനിർത്തിയത്. തുടർന്ന് ഒരു നൃത്തവിദ്യാലയം തുടങ്ങാനിരിക്കുകയാണെന്നും രണ്ടുകോടി രൂപയാണ് ചെലവെന്നും ഹരിണി ശ്രീനിവാസിനെ വിശ്വസിപ്പിച്ചു.

പിന്നീട് ഫോണിൽ ബന്ധപ്പെട്ട യുവതി രണ്ടുകോടി രൂപ പിതാവ് സംഘടിപ്പിച്ചുണ്ടെന്നും ഉടൻ നൃത്തവിദ്യാലയം തുടങ്ങുമെന്നും അറിയിച്ചു. ദിവസങ്ങൾക്കുശേഷം കെട്ടിടം വാടകയ്ക്കെടുക്കാൻ കുറച്ചു പണത്തിന്റെ കുറവുണ്ടെന്നും മൂന്നുലക്ഷം രൂപ കടം തരണമെന്നും യുവതി ആവശ്യപ്പെട്ടു. പണത്തിനായി ആളെ അയക്കാമെന്നും അറിയിച്ചു. ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽവെച്ച് യുവതി ആവശ്യപ്പെട്ടതനുസരിച്ച് 2.7 ലക്ഷം രൂപ കൈമാറി. ഒരാഴ്ചയ്ക്കുശേഷം ഇനിയും അത്യാവശ്യമുണ്ടെന്നും മുഴുവൻ തുകയും ഒന്നിച്ച് തിരികെത്തരാമെന്നും പറഞ്ഞ് ആറുലക്ഷം രൂപകൂടി യുവതി വാങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ഇതോടെ കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ശ്രീനിവാസ് പോലീസിൽ പരാതിനൽകുകയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയും കൂട്ടാളികളും അറസ്റ്റിലായത്. സ്വാതി, സ്വാതി ഗൗഡ, ഖുശി തുടങ്ങിയ പേരുകളിൽ ഹരിണി ഫെയ്സ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.