Latest News

ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞു മലയാളി യുവതിയെ വഞ്ചിച്ചു; ഒടുവില്‍ നാട്ടിലേക്ക് മടങ്ങി

ഷാര്‍ജ: ഹോട്ടല്‍ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 30,000 ദിര്‍ഹം വാങ്ങി കള്ളക്കേസില്‍ കുടുക്കിയതിനെ തുടര്‍ന്ന് ദുരിതത്തിലായിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശിനി ജമീല നാട്ടിലേക്ക് മടങ്ങി.[www.malabarflash.com]

24 വര്‍ഷം മുമ്പാണ് ജമീല ജോലി ആവശ്യാര്‍ഥം യു എ യില്‍ എത്തിയത്. തുടര്‍ന്ന് ഒരു സ്വദേശി വീട്ടില്‍ ജോലിക്കാരിയായി. ഹൃദ്രോഗിയായ ഭര്‍ത്താവിന്റെ ചികിത്സാ ചെലവിനും കുടുംബത്തെ പോറ്റാനും വേണ്ടിയാണ് താന്‍ വന്നതെന്ന് ജമീല പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പാണ് പാലക്കാട് സ്വദേശി തന്റെ ഉടമസ്ഥതയിലുള്ള അജ്മാനിലെ ഒരു കഫ്റ്റീരിയയില്‍ പാര്‍ട്ണറാക്കാമെന്ന് വിശ്വസിപ്പിച്ചു പണം കൈപ്പറ്റിയത്. ജീവിത സമ്പാദ്യവും തന്റെ ആഭരണങ്ങള്‍ വിറ്റുകിട്ടിയ സംഖ്യയുമാണ് ജമീല പണം കണ്ടെത്തിയത്. 

ഇതിനിടെ കഫ്റ്റീരിയ ഉടമ ജമീല അറിയാതെ കട മറ്റൊരാള്‍ക്ക് നടത്തിപ്പിന് കൊടുത്തു. താന്‍ പണം തിരിച്ചു ചോദിച്ചപ്പോള്‍ യാതൊരു ബന്ധമില്ലാത്ത ഒരാള്‍ മുഖേന ഇവര്‍ക്കെതിരെ അജ്മാന്‍ കോടതിയില്‍ വിശ്വാസ വഞ്ചന നടത്തി എന്ന കള്ളക്കേസില്‍ കുടുക്കി. മധ്യസ്ഥന്മാര്‍ മുഖേന പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നുവെന്ന് ജമീല പറയുന്നു.

ഇതിനിടെ കെ എം സി സി ഭാരവാഹികളായ ഇബ്‌റാഹിം എളേറ്റില്‍, അഷ്റഫ് തങ്ങള്‍, റാഫി താമരശ്ശേരി, സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി എന്നിവര്‍ മുഖേന നിയമ സഹായം തേടി കേസില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. 

നിയമക്കുരുക്കുകള്‍ തീര്‍ത്ത് നാടണയുന്നതിന്റെ സന്തോഷത്തിലാണ് ജമീല ഇപ്പോള്‍. ഇവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റും അനുബന്ധ സാമ്പത്തിക സഹായവും ഇവര്‍ നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.