Latest News

പടന്ന തീവെപ്പ് കേസ്; വാദി പ്രതിയായി, ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍

പടന്ന: തന്റെ കട രണ്ടുതവണ തീവെച്ച് നശിപ്പിക്കുകയും സ്കൂട്ടർ കത്തിച്ചശേഷം ആക്രമിക്കുകയും ചെയ്തുവെന്ന് പോലീസിൽ പരാതി നൽകിയയാൾ ഒടുവിൽ പ്രതിയായി.[www.malabarflash.com]

മൂന്നരവർഷം മുൻപ് പടന്ന മാർക്കറ്റിനുസമീപത്തെ ആയിഷ സ്റ്റോർ തീവെച്ചുനശിപ്പിച്ച സംഭവത്തിൽ ഉടമ എസ്.സി. കുഞ്ഞബ്ദുള്ളയെയാണ് ചന്തേര എസ്.ഐ. വിപിൻചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

മൂന്നര വർഷത്തെ അന്വേഷണത്തിനൊടുവിൽ പരാതിക്കാരന്റെ മൊഴിയിലെ വൈരുധ്യവും സാഹചര്യത്തെളിവുകളും കണക്കിലെടുത്ത് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് പരാതിക്കാരൻ കുറ്റം സമ്മതിച്ചത്. 

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കടയും സ്കൂട്ടറും കത്തിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണത്രെ തീവെപ്പ് നാടകം നടത്തിയത്. 

2015 ഫെബ്രുവരി ഒൻപതിനാണ് കേസിനാസ്പദമായ ആദ്യസംഭവം നടന്നത്. കട പൂർണമായും കത്തിയതിനാൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. മുസ്‌ലിം ലീഗ് വാർഡ് പ്രസിഡന്റായിരുന്ന കുഞ്ഞബ്ദുള്ളയുടെ കടയ്ക്കുനേരെ ഉണ്ടായ അക്രമം പോലീസ് ഗൗരവമായി എടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

നവീകരിച്ച കടതുറന്ന് 20 ദിവസങ്ങൾ കഴിഞ്ഞ് മാർച്ച് 23-ന് പുലർച്ചെ വീണ്ടും അഗ്നിക്കിരയായി. പുലർച്ചെ പള്ളിയിലേക്ക് പോകുന്നവരാണ് തീപ്പിടിച്ച വിവരം ഉടമയെ അറിയിച്ചത്. സമീപത്തെ തെരുവുവിളക്കിന്റെ ഫ്യൂസ് ഊരിയ നിലയിലായിരുന്നു. ഷട്ടറിന്റെ വിടവിലൂടെ അകത്തിട്ട തീ പടർന്ന് നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. ഉന്നത പോലീസ് അധികൃതരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

ഭാര്യവീട്ടിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ മാർച്ച് 26-ന് പുലർച്ചെ കത്തിനശിച്ച നിലയിലും കാണപ്പെട്ടു. കുറച്ചു ദിവസങ്ങൾക്കുശേഷം തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് കുഞ്ഞബ്ദുള്ള വീണ്ടും പോലീസിൽ പരാതി നൽകി. ഇതോടെയാണ് കാര്യമായ ശത്രുക്കളൊന്നുമില്ലാത്ത കുഞ്ഞബ്ദുള്ളയ്ക്കുനേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് പോലീസിന് സംശയങ്ങൾ ഉടലെടുത്തത്. 

മാറിമാറി വന്ന പോലീസ് ഉദ്യോഗസ്ഥരുടെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് സംഭവങ്ങളിൽ കുഞ്ഞബ്ദുള്ളയുടെ പങ്ക് വ്യക്തമായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.