Latest News

പ്രതിശ്രുത വരൻ വിമാനപകടത്തിൽ മരിച്ചു; എന്നിട്ടും വിവാഹം മാറ്റിവെക്കാൻ അവൾ തയ്യാറായില്ല

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അവർ വിവാഹിതരാകാൻ തീരുമാനിച്ചത്. സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ക്ഷണിച്ച് വിവാഹത്തിന്‍റെ ഒരുക്കങ്ങളുമായി അവർ മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ വിധി എല്ലാം  തകർത്തു.[www.malabarflash.com]

ഒക്ടോബർ 29നുണ്ടായ ഇന്തോനേഷ്യൻ വിമാനപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു. ഇതോടെ നവംബർ 11ന് നടക്കേണ്ടിയിരുന്ന വിവാഹം ഒഴിവാക്കാൻ ബന്ധുക്കൾ തീരുമാനിക്കുന്നു. എന്നാൽ വിവാഹിതയാകേണ്ടിയിരുന്ന യുവതിയുടെ തീരുമാനം മറ്റൊന്നായിരുന്നു. താൻ വിവാഹ വസ്ത്രമണിഞ്ഞെത്തുന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്ന് പറഞ്ഞിട്ടുള്ള പ്രിയ കൂട്ടുകാരന്‍റെ ആഗ്രഹം സഫലമാക്കുകയായിരുന്നു അവളുടെ ലക്ഷ്യം.

ബാംഗ്ക്ക ദ്വീപ് സ്വദേശികളായ ഇന്‍റാൻ സ്യാരിയുടെയും റിയോ നന്ദ പ്രഥമയുടെയും വിവാഹം നവംബർ 11നാണ് നിശ്ചയിച്ചിരുന്നു. എന്നാൽ ഒക്ടോബർ 29നുണ്ടായ ലയൻ എയർ വിമാനപകടത്തിൽ റിയോ കൊല്ലപ്പെടുന്നു. ഇതോടെയാണ് വിവാഹം ഒഴിവാക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്. 

എന്നാൽ തന്‍റെ പ്രിയപ്പെട്ട റിയോ ഇല്ലെങ്കിലും വിവാഹം റദ്ദാക്കുന്ന കാര്യം ഇന്റാന് ആലോചിക്കാൻ പോലും വയ്യായിരുന്നു. അതിന് അവൾക്കൊരു കാരണമുണ്ടായിരുന്നു. വിവാഹം എങ്ങനെയായിരുന്നോ നടക്കേണ്ടിയിരുന്നത് അതുപോലെയൊക്കെ നടന്നു, തന്‍റെ പ്രിയപ്പെട്ടവന്‍റെ ആഗ്രഹം പോലെ. അവൾ വിവാഹവസ്ത്രമണിഞ്ഞെത്തി. വിവാഹ ചിത്രങ്ങൾ എടുത്തു. ചടങ്ങുകളും നടന്നു. ഒറ്റ വ്യത്യാസം വരൻ ഇല്ലായിരുന്നു. എല്ലാം അവൾ ഒറ്റയ്ക്കായിരുന്നു.

ജക്കാർത്തയിൽനിന്ന് വിവാഹത്തിനായാണ് സുമാത്രയ്ക്കടുത്തുള്ള ബാംഗ്ക്ക ദ്വീപിലേക്ക് റിയോ വിമാനത്തിൽ പുറപ്പെട്ടത്. എന്നാൽ വിമാനം പറന്നുയർന്ന് അൽപ്പസമയത്തിനകം യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ തകർന്ന് വീഴുകയായിരുന്നു. 

ജക്കാർത്തയിൽനിന്ന് പുറപ്പെടുന്നതിന് മുമ്പ് റിയോ, ഇന്‍റാന് അയച്ച സന്ദേശം അനുസരിച്ചാണ് വിവാഹത്തിനായി അവൾ അണിഞ്ഞൊരുങ്ങിയത്. 'ഒരുപക്ഷേ എനിക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിൽ വിവാഹവുമായി നീ മുന്നോട്ടുപോകുക, ചടങ്ങുകൾ മുടക്കണ്ട. നിനക്കായി ഞാൻ വാങ്ങിത്തന്ന വിവാഹവസ്ത്രം അണിഞ്ഞ്, വെള്ള റോസപ്പൂവും കൈയിൽപിടിച്ച് ഫോട്ടോയെടുത്ത് എനിക്ക് അയച്ചു തരുക- ഇതായിരുന്നു റിയോ അവൾക്ക് അയച്ച മെസേജ്. 

ഏതായാലും ഹൃദയസ്പർശിയായ വിവാഹ ചിത്രങ്ങൾ ഇന്‍റാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. ഈ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.