Latest News

റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ഡിസംബര്‍ മൂന്നിന് പുനരാരംഭിക്കും

കാസര്‍കോട്: പഴയചൂരിയിലെ മദ്രസാ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബര്‍ മൂന്നിന് പുനരാരംഭിക്കും.[www.malabarflash.com] 

ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ജഡ്ജി മനോഹര്‍ കിണി ഇപ്പോള്‍ അവധിയിലാണ്.
കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍. 

ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ജില്ലാകോടതിയുടെ പരിഗണനയിലാണ്. നേരത്തെ ഹൈക്കോടതിയിലാണ് ഇതുസംബന്ധിച്ച് റിയാസ് മൗലവിയുടെ ഭാര്യ ഹരജി നല്‍കിയിരുന്നതെങ്കിലും തീരുമാനം ജില്ലാകോടതിക്ക് വിടുകയായിരുന്നു. 

പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും ജില്ലാകോടതിയും തള്ളിയിരുന്നു. കേസിലെ ചില പ്രധാന സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. ഭൂരിഭാഗം സാക്ഷികളെയും ഇനിയും വിസ്തരിക്കാനുണ്ട്.
യു. എ.പി.എ ഹരജിയില്‍ വിധി പറയുന്നതിനായി റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ഹൈക്കോടതി നിര്‍ദേശപ്രകാരം ജില്ലാകോടതി നിര്‍ത്തിവെച്ചിരുന്നു. ഹരജിയിലെ തീരുമാനം ജില്ലാകോടതിക്ക് വിട്ടതോടെ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.