Latest News

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയില്‍ നിന്ന് 25 പവന്‍ തട്ടിയ യുവാവ് പിടിയില്‍

കുന്നംകുളം: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തയാളെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. പൂവത്തൂര്‍ കൂമ്പുള്ളി പാലത്തിനുസമീപം പന്തായില്‍ ദിനേഷ് (36) ആണ് സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.[www.malabarflash.com]

കുന്നംകുളം സ്വദേശിനിയായ സ്ത്രീയെ സാമൂഹികമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. സുഹൃത്തിനയച്ച സന്ദേശത്തിന് ലൈക്കടിച്ചായിരുന്നു തുടക്കം. പിന്നീട് ഫോണ്‍ സംഭാഷണങ്ങളിലൂടെ ബന്ധം ദൃഢമാക്കി. വിവിധ സ്ഥലങ്ങളില്‍വെച്ച് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.

കെട്ടിടനിര്‍മാണത്തൊഴിലാളിയായും സെക്യൂരിറ്റി ജീവനക്കാരനായും ദിനേഷ് ജോലിചെയ്തിരുന്നു. സാമ്പത്തികബുദ്ധിമുട്ടുകള്‍ പറഞ്ഞാണ് പലപ്പോഴായി 25 പവന്‍ സ്വര്‍ണാഭരങ്ങള്‍ കൈക്കലാക്കിയത്. സ്ത്രീയുടെ ഭര്‍ത്താവ് വിദേശത്താണ്. ആറുമാസം മുമ്പാണ് ഇവര്‍ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.

ആഭരണങ്ങള്‍ പാങ്ങ്, കുന്നംകുളം എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളില്‍ പണയം വെച്ചിരിക്കുകയാണ്. സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുതരാമെന്നു പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും കിട്ടാതെ വന്നതോടെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. 

എ.എസ്.ഐ. ജോയ്, സുധീര്‍, സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വാങ്ങി പണയംവെച്ച ആഭരണങ്ങള്‍ തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സി.ഐ. കെ.ജി. സുരേഷ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.