Latest News

മലയാളിപെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസ്: ഡിഎംകെ നേതാവിന് 10 വര്‍ഷം തടവ്

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത മലയാളിപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ഡിഎംകെ നേതാവിന് പത്ത് വര്‍ഷം തടവ് ശിക്ഷ. മുന്‍ എം.എല്‍.എ രാജ്കുമാറിനെതിരേയാണ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമെ 42,000 രൂപ പിഴയും അടയ്ക്കണം.[www.malabarflash.com] 

രാജ് കുമാറിന്റെ സഹായികളായ ജയശങ്കറിനെയും ഡ്രൈവര്‍ മഹേന്ദ്രനും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. തെളിവില്ലാത്തതിനാല്‍ മഹേന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി, ജയശങ്കറിന് പത്ത് വര്‍ഷം തടവും 42,000 രൂപ പിഴയും വിധിച്ചു.

2012ല്‍ ആണ് കേസിനാസ്പദമായ സംഭവം. പെരംബലൂര്‍ എം.എല്‍.എ ആയിരുന്നു ഈ സമയം രാജ്കുമാര്‍. ഇദ്ദേഹത്തിന്റെ വീട്ടില്‍ സഹായത്തിനു നിന്ന പീരുമേട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് ബലാത്സംഗം ചെയ്ത് കൊന്നത്.

2012 ജൂണിലാണ് രാജ്കുമാറിന്റെ വീട്ടില്‍ പെണ്‍കുട്ടി ജോലിയ്ക്കായി എത്തിയത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തന്നെ തിരികെ കൊണ്ടുപോകണമെന്ന് പെണ്‍കുട്ടി അച്ഛനോട് കരഞ്ഞുപറഞ്ഞു. ജൂണ്‍ 28 ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന സന്ദേശം പിതാവ് ലഭിച്ചു. ഇതേ തുടര്‍ന്ന് കുട്ടിയുടെ അമ്മ തേനിയിലുള്ള ആശുപത്രിയില്‍ ചെന്ന് നോക്കുമ്പോള്‍ മകള്‍ അബോധാവസ്ഥയിലായിരുന്നു. പിന്നീട് ഇതേ ആശുപത്രിയില്‍വെച്ച് കുട്ടി മരിച്ചു.

ആത്മഹത്യാ ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മൃതദേഹത്തില്‍ കണ്ടെത്തിയ മുറിപ്പാടുകളാണ് അന്വേഷണം എം.എല്‍എയിലേക്ക് എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് രാജ്കുമാറിലേക്കെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.