Latest News

മുത്തലാഖ് ചര്‍ച്ചക്കു ഉവൈസി എത്തിയത് മകളുടെ കല്ല്യാണ പന്തലില്‍ നിന്നും

ഹൈദരാബാദ്: മുത്തലാഖ് ബില്‍ ലോകസഭ പാസ്സാക്കിയപ്പോള്‍ ചര്‍ച്ചാ വേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വീക്ഷിച്ചതും അസദുദ്ദീന്‍ ഉവൈസിയുടെ പ്രസംഗമായിരുന്നു. മുത്തലാഖുമായി ബന്ധപ്പെട്ടുള്ള സമുദായത്തിന്റെ നിലപാടു യുക്തിഭദ്രമായി വ്യക്തമാക്കുന്നതും ബി.ജെ.പിയുടെ കുത്സിത താത്പര്യങ്ങള്‍ തുറന്നു കാട്ടുന്നതുമായിരുന്നു ആള്‍ ഇന്ത്യാ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്ലിമീന്റെ പ്രസിഡന്റായ അസദുദ്ദീന്‍ ഉവൈസി എം.പിയുടെ പ്രസംഗം.[www.malabarflash.com]
ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ പ്രഭാഷണം നടത്താനും നിര്‍ണായകമായ മുത്തലാഖു ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും ഉവൈസി എത്തിയത് തന്റെ മകളുടെ വിവാഹ പന്തലില്‍ നിന്നായിരുന്നു. 

ഹൈദരാബാദിലെ ക്ലാസിക് കണ്‍വന്‍ഷന്‍ ത്രീയില്‍ ഉവൈസിയുടെ മകളായ ഖുദ്‌സിയ ഉവൈസിയും ഹൈദരാബാദിലെ നവാബ് ഷാ ആലം ഖാന്റെ കൊച്ചുമകനായ നവാബ് ബറക്കത്ത് ആലം ഖാനും തമ്മിലുള്ള നികാഹിന്റെ അന്തിമ ഒരുക്കങ്ങള്‍ക്കിടയില്‍ നിന്നുമാണ് സമുദായത്തിന്റെ ശബ്ദമായി മാറാന്‍ ലോകസഭയില്‍ ഉവൈസി എത്തിയത്.

ഹൈദരബാദിലെ പ്രമുഖമായ രണ്ടു കുടുംബാംഗങ്ങള്‍ തമ്മിലുള്ള വിവാഹം ഇന്ന് രാത്രി എഴു മണിക്കാണ് നടന്നത്. സാമൂഹിക രാഷട്രീയ മേഖലയിലെ പ്രമുഖരാണ് ഈ വിവാഹത്തില്‍ സംബന്ധിച്ചിരിക്കുന്നത്. തന്റെ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങുണ്ടായിട്ടും അതെല്ലാ മാറ്റിവച്ചു വിഷയം സമഗ്രമായി പഠിച്ചുകൊണ്ടാണ് ഉവൈസി വ്യാഴാഴ്ച ലോകസഭയിലെത്തിയത്. 

സ്പീക്കറെ ഇടക്കിടെ മാഡം എന്നു വിളിച്ചു കൊണ്ട് ഉര്‍ദുവില്‍ നടത്തിയ പ്രസംഗത്തില്‍ കൃത്യമായ തെളിവുകളും വിവരങ്ങളും വച്ചാണ് വിഷയം സമര്‍ത്ഥിച്ചത്. മുത്തലാഖിനെ ശക്തമായി എതിര്‍ക്കുന്ന ബി.ജെ.പി എം.പിമാരും മന്ത്രിമാരും വരെ ഉവൈസിയുടെ പ്രഭാഷണം ശ്രദ്ധയോടെ വീക്ഷിക്കുന്നത് വീഡിയോയില്‍ കാണാം.

ഉവൈസിയുടെ ട്വിറ്ററില്‍ വലിയ ഹിറ്റായി ഈ പ്രഭാഷണം മാറി കഴിഞ്ഞു. വലിയ പ്രതികരണവുമാണ് ഇതിന് അനുകൂലമായി വരുന്നത്. ചര്‍ച്ച രണ്ടാം ദിവസത്തേക്കു നീങ്ങുകയാണെങ്കില്‍ നിങ്ങള്‍ സഭയില്‍ തന്നെ നില്‍ക്കണമെന്നും മകളുടെ വിവാഹ ചടങ്ങില്‍ എത്താന്‍ ഒരു വിമാനം തന്നെ ചാര്‍ട്ടര്‍ ചെയ്യാം എന്നും അബ്ദുല്‍ ഹമീദ് എന്ന ഒരു സുഹൃത്തു പറഞ്ഞതായി ഉവൈസി തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

തന്റെ സ്വന്തം മകളുടെ വിവാഹത്തേക്കാള്‍ തന്റെ സമുദായത്തിന്റെ വിഷയത്തിനു പ്രാമുഖ്യം നല്‍കുന്ന ഉവൈസിയെ മറ്റു സാമുദായിക നേതാക്കള്‍ മാതൃകയാക്കണമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.