Latest News

ചികിത്സാസഹായത്തിനെന്ന് പറഞ്ഞ് ഗാനമേള നടത്തി പണംതട്ടുന്നവര്‍ പിടിയില്‍

പത്തനംതിട്ട: ചികിത്സാസഹായത്തിന്റെ പേരില്‍ റോഡരികില്‍ ഗാനമേള അവതരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന നാലംഗസംഘം പിടിയില്‍. നിര്‍ധനരായ മാതാപിതാക്കളുടെ 11 വയസ്സുള്ള കുട്ടിക്ക് ചികിത്സാ സഹായത്തിനെന്ന പേരിലാണ് ഇവര്‍ ഗാനമേള നടത്തിയിരുന്നത്.[www.malabarflash.com]

കിളിമാനൂര്‍, ചടയമംഗലം സ്വദേശികളായ കുന്നത്തുകോണം സന്തോഷ് ഭവനില്‍ സജീവ് കുമാര്‍(40), പോരിടം രജിതാ ഭവനില്‍ രാജേഷ്(38), നഗരൂര്‍ മുംതാസ് മന്‍സിലില്‍ സിയാദ്(49), കണ്ണയംകോട് അളകാപുരിയില്‍ രാജേഷ്(40) എന്നിവരെ പത്തനംതിട്ട സി.ഐ. ജി.സുനില്‍ കുമാറാണ് അറസ്റ്റ് ചെയ്തത്. വോയിസ് ഓഫ് ഏഞ്ചല്‍സ് എന്നപേരിലുള്ള ഗാനമേള സംഘം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ സ്ഥിരമായി തെരുവോരങ്ങളില്‍ ഗാനമേള നടത്തുകയും പണപ്പിരിവ് നടത്തുകയുമായിരുന്നു.

പത്തനംതിട്ടയില്‍ കഴിഞ്ഞദിവസം ബസ് സ്റ്റാന്‍ഡിന് സമീപം ഗാനമേള നടത്തിയപ്പോള്‍ സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടിക്ക് ഇവര്‍ പറയുന്നതരത്തിലുള്ള അസുഖം ഇല്ല എന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ചികിത്സാസഹായം എന്നപേരില്‍ പിരിക്കുന്ന പണം ലോഡ്ജുകളില്‍ മുറിയെടുത്ത് മദ്യപിക്കുന്നതിനും മറ്റും ഉപയോഗിക്കുകയായിരുന്നു ഇവരുടെ പതിവ്. എസ്.ഐ. കുരുവിള ജോര്‍ജിനാണ് അന്വേഷണച്ചുമതല.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.