Latest News

വനിതാമതിൽ: കെ കെ ശൈലജ ആദ്യ കണ്ണി; ബൃന്ദാകാരാട്ട് അവസാനം

തിരുവനന്തപുരം: ചരിത്രം സൃഷ്ടിക്കുന്ന വനിതാമതിലിന്റെ ആദ്യകണ്ണിയാവുന്നത‌് മന്ത്രി കെ കെ ശൈലജ. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലാണ് മന്ത്രി ശൈലജ ചേരുന്നത്.[www.malabarflash.com]

കാലിക്കടവ്‌വരെ 44 കിലോമീറ്ററാണ് കാസർകോട് ജില്ലയിൽ മതിൽ ഉയരുക. ഇവിടെ നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി ഇ ചന്ദ്രശേഖരൻ പങ്കെടുക്കും. ബൃന്ദാ കാരാട്ട് തിരുവനന്തപുരം വെള്ളയമ്പലത്താണ് മതിലിന്റെ ഭാഗമാവുക. ആദിവാസി സാമൂഹികപ്രവർത്തക സി കെ ജാനു കുളപ്പുള്ളിയിൽ പങ്കെടുക്കും. 

പി കൃഷ്ണപിള്ളയുടെ സഹോദരിയുടെ കൊച്ചുമകൾ ശ്രീലക്ഷ്മി ആലപ്പുഴയിൽ മതിലിൽ പങ്കാളിയാവും. വയലാറിന്റെ മകൾ ബി സിന്ധുവും മകൾ എസ് മീനാക്ഷിയും ചാലക്കുടിയിൽ പങ്കെടുക്കും. വയലാറിന്റെ മറ്റൊരു ചെറുമകൾ രേവതി സി വർമയും മതിലിൽ അണിനിരക്കും. സുശീലാ ഗോപാലന്റെ സഹോദരിയും ചീരപ്പൻചിറ കുടുംബാംഗവുമായ സരോജിനി മാരാരിക്കുളത്ത് അണിചേരും.

കണ്ണൂരിൽ കാലിക്കടവ്‌ മുതൽ മാഹിവരെ 82 കിലോമീറ്ററാണ് മതിൽ. ഡോ. ആരിഫ കെ സി, സീതാദേവി കരിയാട്ട്, സുകന്യ എന്നിവർ കണ്ണൂരിൽ കണ്ണിയാവും. മന്ത്രിമാരായ ഇ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ കണ്ണൂരിലെ യോഗത്തിൽ പങ്കെടുക്കും.
കോഴിക്കോട് അഴിയൂർമുതൽ വൈദ്യരങ്ങാടിവരെ 76 കിലോമീറ്ററിൽ കെ അജിത, പി വത്സല, ദീദി ദാമോദരൻ, കെ പി സുധീര, വി പി സുഹറ, ഖദീജ മുംതാസ്, വിജി പെൺകൂട്ട് എന്നിവർ അണിനിരക്കും. മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

മലപ്പുറത്ത് ഐക്കരപ്പടിമുതൽ പെരിന്തൽമണ്ണവരെ 55 കിലോമീറ്ററാണ് മതിൽ. നിലമ്പൂർ ആയിഷ, പി കെ സൈനബ തുടങ്ങിയ പ്രമുഖർ മതിലിൽ പങ്കാളികളാകും. മന്ത്രി കെ ടി ജലീൽ യോഗത്തിൽ പങ്കെടുക്കും. 

പാലക്കാട് ജില്ലയിൽ ചെറുതുരുത്തിമുതൽ പുലാമന്തോൾവരെ 26 കിലോമീറ്ററാണ് മതിൽ. മന്ത്രിമാരായ എ കെ ബാലൻ കുളപ്പുള്ളിയിലും കെ കൃഷ്ണൻകുട്ടി പട്ടാമ്പിയിലും യോഗത്തിൽ പങ്കെടുക്കും. ഒന്നേകാൽ ലക്ഷത്തോളം കുടുംബശ്രീ പ്രവർത്തകർ, ആയിരത്തിലധികം ആശാ വർക്കർമാർ, ഹെൽപ്പർമാർ, അയ്യായിരത്തിലധികം അങ്കണവാടി വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ അണിനിരക്കും.

തൃശൂരിൽ ചെറുതുരുത്തിമുതൽ പൊങ്ങംവരെ 73 കിലോമീറ്റർ മതിൽ നിരക്കും. കോർപറേഷൻ ഓഫീസിനുമുന്നിലായിരിക്കും പ്രമുഖർ ചേരുക. പുഷ്പവതി, ലളിത ലെനിൻ, ട്രാൻസ്‌വിമൻ വിജയരാജമല്ലിക എന്നിവർ തൃശൂരിൽ മതിലിന്റെ ഭാഗമാവും. സംവിധായിക ശ്രുതി നമ്പൂതിരിക്കൊപ്പം 80 വയസ്സുള്ള മുത്തശ്ശിയും മതിലിന്റെ ഭാഗമാവും. മന്ത്രിമാരായ വി എസ് സുനിൽകുമാർ, സി രവീന്ദ്രനാഥ് എന്നിവർ യോഗങ്ങളിൽ പങ്കെടുക്കും.

എറണാകുളം ജില്ലയിൽ പൊങ്ങംമുതൽ അരൂർവരെ 49 കിലോമീറ്ററിൽ മതിലുയരും. ജില്ലാകേന്ദ്രമായ ഇടപ്പള്ളിയിൽ ഡോ. എം ലീലാവതി, സിതാര കൃഷ്ണകുമാർ, രമ്യാ നമ്പീശൻ, നീനാകുറുപ്പ്, സീനത്ത്, സജിത മഠത്തിൽ, മീര വേലായുധൻ, തനൂജ ഭട്ടതിരി, പ്രൊഫ. മ്യൂസ് മേരി ജോർജ്, ലിഡ ജേക്കബ്, ഗായത്രി, ട്രാൻസ്‌വിമൻ ശീതൾ ശ്യാം തുടങ്ങിയവരും അങ്കമാലിയിൽ വനിതാകമീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ, കെ തുളസി എന്നിവരും അണിനിരക്കും. മന്ത്രി എ സി മൊയ്തീൻ എറണാകുളത്തും മന്ത്രി എം എം മണി അങ്കമാലിയിലും യോഗത്തിൽ പങ്കെടുക്കും.

ആലപ്പുഴ ജില്ലയിൽ അരൂർമുതൽ ഓച്ചിറവരെ 97 കിലോമീറ്ററാണ് ഒരുക്കുന്നത്. മുൻ എംപി സി എസ് സുജാത, വിപ്ലവഗായിക പി കെ മേദിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ബി അരുന്ധതി തുടങ്ങിയവർ പങ്കെടുക്കും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ പാതിരപ്പള്ളിയിൽ മതിലിന്റെ ഭാഗമാകും. ചേർത്തലയിൽ മന്ത്രി പി തിലോത്തമനും ആലപ്പുഴയിൽ കായംകുളത്ത‌് മന്ത്രിമാരായ ജി സുധാകരനും കെ രാജുവും യോഗത്തിൽ പങ്കെടുക്കും.

കൊല്ലം ജില്ലയിൽ രാധാ കാക്കനാടൻ, വിജയകുമാരി, ജയകുമാരി എന്നിവർ അണിനിരക്കും. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ യോഗത്തിൽ സംബന്ധിക്കും. 

തിരുവനന്തപുരത്ത് ആനിരാജ, ബീനാപോൾ, മലയാളം മിഷൻ അധ്യക്ഷ സുജ സൂസൻ ജോർജ്, ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി എൻ സീമ, വിധു വിൻസെന്റ്, മാല പാർവതി, ബോബി അലോഷ്യസ്, രാജശ്രീ വാര്യർ, ബോക്‌സിങ‌് ചാമ്പ്യൻ കെ സി ലേഖ എന്നിവരും അണിനിരക്കും. ജില്ലയിൽ 44 കിലോമീറ്ററാണ് മതിൽ. തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. നവോത്ഥാനമൂല്യ സംരക്ഷണസമിതി കൺവീനർ പുന്നല ശ്രീകുമാർ ഉൾപ്പടെയുള്ള ഭാരവാഹികളും ഇവിടെ പങ്കെടുക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.