Latest News

വനിതാമതിൽ: മൂന്ന്‌ ജില്ലകളിൽ ആക്രമണസാധ്യതയെന്ന് റിപ്പോർട്ട്

കോഴിക്കോട്: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന് മൂന്നുജില്ലകളിൽ ആക്രമണസാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളത്.[www.malabarflash.com] 

ഇതേത്തുടർന്ന് ഇവിടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മൂന്ന് ജില്ലാ പോലീസ് മേധാവികൾക്കും നിർദേശംനൽകി.

കഴിഞ്ഞദിവസം ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിക്കുനേരെ കണ്ണൂർ, കാസർകോട് അതിർത്തിപ്രദേശങ്ങളായ ആണൂർ, ഓണക്കുന്ന് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് സുരക്ഷ കൂട്ടാനും നിരീക്ഷണമേർപ്പെടുത്താനുമുള്ള നിർദേശം. മതിലിനും ഇതിനായി എത്തുന്നവരുടെ വാഹനത്തിനുംനേരെ ആക്രമണ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്.

മൂന്നിടത്തും ബി.ജെ.പി., സംഘപരിവാർ നേതാക്കളുടെയും സജീവ പ്രവർത്തകരുടെയും നീക്കങ്ങൾ നിരീക്ഷിക്കാനും നിർദേശമുണ്ട്. മതിലിൽ പങ്കെടുക്കാൻ വയനാട്ടിൽനിന്നെത്തുന്നവരെയും നിരീക്ഷിക്കും. കാസർകോട് മഞ്ചേശ്വരം, ആദൂർ, ബേക്കൽ, അമ്പലത്തറ, വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധികളിലെ 74 ഇടങ്ങളിലാണ് അതിശ്രദ്ധ വേണ്ടത്.

കണ്ണൂർ ജില്ലയിൽ കരിവെള്ളൂർ, കോത്തായിമുക്ക്‌, അന്നൂര്‍, കണ്ടോത്ത്പറമ്പ്, തലായി, സെയ്താർപള്ളി എന്നിങ്ങനെ ആറിടത്താണ് നിരീക്ഷണം. കോഴിക്കോട് റൂറലിൽ അഴിയൂർ, കുഞ്ഞിപ്പള്ളി, മുക്കാളി, പാലയാട്ടുനട, ബ്രദേഴ്‌സ് ബസ് സ്റ്റോപ്പ്, പയ്യോളിയും പരിസര പ്രദേശങ്ങളും എന്നിവയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടയിടങ്ങൾ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.