കാസര്‍കോട്: പിബി അബ്ദുര്‍ റസാഖ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് മഞ്ചേശ്വരം മണ്ഡലത്തില്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.[www.malabarflash.com]
ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസ് വിധി വരുന്നതോടുകൂടി വടക്കന്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ആസന്നമാവുന്നത്.
യുഡിഎഫിന് തന്നെയാണ് നിലവിലെ സാഹചര്യത്തിലും മുന്‍തൂക്കം. പിബി അബ്ദുര്‍ റസാഖിന്റെ സുതാര്യമായ സേവനവും ഭരണവും മഞ്ചേശ്വരത്തുകാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ടെന്ന് സത്യമാണ്. അതുകൊണ്ട് തന്നെ യുഡിഎഫിന് തന്നെയാണ് വിജയസാധ്യത.
മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ എം.സി കമറുദീന്‍, എ അബ്ദുറഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ക്കാണ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യത കൂടുതലുള്ളത്. ഇതില്‍ സീനീയറോയിറ്റിയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എംസി കമറുദ്ദീനാണ് സാധ്യത കൂടുതലെങ്കിലും, പ്രദേശത്തു നിന്ന് ഏറെ ദൂരെയുള്ള സ്ഥാനാര്‍ത്ഥിയെ വേണ്ട എന്ന നിലപാടിലാണ് മഞ്ചേശ്വരത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍.
എംസി കമറുദീന്‍ തൃക്കരിപ്പൂര്‍ സ്വദേശിയാണ്. തൃക്കരിപ്പൂര്‍കാരനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറും,എം സി കമറുദ്ദീനും ഒരേ മണ്ഡലക്കാരായതിനാല്‍, ഇനി ഒരാള്‍ കൂടി ഒരേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത് ഉചിതമല്ലെന്നാണ് മഞ്ചേശ്വരത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.
മാത്രമല്ല ഒരു പ്രാവശ്യം കുമ്പള ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ച സ്ഥാനാര്‍ത്ഥിയാണ് എം സി കമറുദ്ദീന്‍. വിജയിച്ച് പോയതിന് ശേഷം എം സി കമറുദ്ദീന്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന സംസാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. കമറുദ്ദീന്റെ സ്ഥാനാര്‍ത്ഥി മോഹത്തിന് ഇതൊക്കെ തിരിച്ചടികളായി മാറിയിരിക്കുകയാണ്.
പിന്നെയുള്ളത് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുള്‍റഹ്മാനാണ്. എസ് ടി യു ദേശീയ സെക്രട്ടറി കൂടിയായ എ അബ്ദുള്‍റഹ്മാനും സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുണ്ട്.
മൂന്നാമതായി ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ പേരാണ് മഞ്ചേശ്വരത്ത് ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ തവണ സമുദായ വോട്ടുകള്‍ ഭിന്നിച്ചത് പോലെ ഇപ്രാവശ്യവും അത് ആവര്‍ത്തിക്കാന്‍ പാടില്ല എന്നതുകൊണ്ട് തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിനും ഒരേപോലെ അഭിപ്രായമുള്ളത് ജനകീയനായ നേതാവ് വരണമെന്ന് തന്നെയാണ്.
പിന്നെ സാധ്യതയുള്ളത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ എ കെ എം അഷ്‌റഫിനാണ്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനം ത്യജിച്ച് സ്ഥാനാര്ഥിയാവണോ എന്നാണ് പ്രധാനമായും ഉയര്‍ന്നുവരുന്ന ചോദ്യം. മാത്രമല്ല എ കെ എമ്മിന് ഇനിയും സമയമുണ്ടെന്നാണ് പാര്‍ട്ടി നേത്രത്വം വിലയിരുത്തുന്നത്.
രണ്ടു ദിവസം മുമ്പ് നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ വെച്ചാണ് മഞ്ചേശ്വരം സ്ഥാനാര്‍ത്ഥികളെ പറ്റിയുള്ള ചര്‍ച്ച ഉയര്‍ന്നുവന്നത്.
എല്ലാം കൊണ്ടും മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ക്കാണ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യത കൂടുതലുള്ളത്.
തിരഞ്ഞെടുപ്പ് കേസ് കൊണ്ട് ശ്രദ്ധേയമായ മണ്ഡലമായതു കൊണ്ട് തന്നെ മുസ്ലിം ലീഗിന് ഇത് അഭിമാനപോരാട്ടം കൂടിയാണ്.
No comments:
Post a Comment