Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ക്ക് ഒരു കോടിയില്‍പരം നഷ്ടപരിഹാരം

തലശ്ശേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ രണ്ടുപേര്‍ക്ക് ഒരു കോടിയില്‍പരം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. പാനൂര്‍ പാട്യത്തെ കാരയില്‍ സുഗതന് (50) അറുപത്തിയാറ് ലക്ഷത്തിപതിനെട്ടായിരം രൂപയും പുതിയതെരു മണ്ഡപത്തെ ഷമീമ മന്‍സിലില്‍ കെ.ഷംസീറിന് (38) മുപ്പത്തിയേഴ് ലക്ഷത്തി നാല്പതിനായിരത്തി അഞ്ഞൂറ് രൂപയും നഷ്ടപരിഹാരം നല്‍കാനാണ് എം എ സി ടി ജില്ലാ ജഡ്ജ് ആര്‍ ടി പ്രകാശ് ഉത്തരവിട്ടത്.[www.malabarflash.com] 

സുഗതന് 2015 ഡിസംമ്പര്‍ മുതലും ഷംസീറിന് 2014 ജനുവരി ഒന്ന് മുതലും എട്ട് ശതമാനം പലിശയും നല്‍കണം.
ഒമാനില്‍ നിന്നും നാട്ടിലെത്തിയ സുഗതന്‍ 2011 ഫിബ്രവരി 27ന് രാവിലെ സിറ്റി ബസ്സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകവെ മറ്റൊരു വാഹനത്തിനിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. 2013 ജൂലൈ വരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റും ചികിത്സ തേടിയിട്ടും ഇന്നും ജോലി ചെയ്യാന്‍ കഴിയാതെ വീട്ടില്‍ കിടപ്പിലാണ്. അഡ്വ.കെ ബിനു മുഖേന നല്‍കിയ ഹരജിയിലാണ് കോടതി വിധി.
2007 ആഗസ്റ്റ് രണ്ടിന് രാവിലെ പാപ്പിനിശ്ശേരി ബി എസ് എന്‍ എല്‍ ഓഫീസിനടുത്ത് വെച്ച് ടെമ്പോ ട്രാവലര്‍ ഓട്ടോറിക്ഷക്ക് ഇടിച്ചാണ് ഷംസീറിന് ഗുരുതരമായി പരിക്കേറ്റത്. അഡ്വ. കെ ഡി മാര്‍ട്ടിന്‍ മുഖേന നല്‍കിയ ഹരജിയിലാണ് കോടതി വിധി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.