Latest News

ബൊലോറൊ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു

നീലേശ്വരം: ബൊലോറൊ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരണപ്പെട്ടു. ചിറപ്പുറം ആലിങ്കീലിലെ പത്മനാഭന്‍ ആചാരി-കാര്‍ത്യായനി ദമ്പതികളുടെ മകനും കോട്ടപ്പാറയിലെ കശുവണ്ടി ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ കെ പ്രദീഷാ(33)ണ് മരണപ്പെട്ടത്.[www.malabarflash.com] 

കഴിഞ്ഞ 14ന് വീട്ടില്‍ നിന്നും ഡ്യൂട്ടിക്കായി കോട്ടപ്പാറയിലേക്ക് പോവുകയായിരുന്ന പ്രദീഷ് സഞ്ചരിച്ച കെഎല്‍ 60 സി 7111 നമ്പര്‍ സ്‌കൂട്ടിയില്‍ മാവുങ്കാല്‍ പെട്രോള്‍ പമ്പിന് സമീപം വെച്ച് ശബരിമല ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കെ എ 27 എം 7210 നമ്പര്‍ ബൊലോറൊ ജീപ്പ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീഷിനെ മംഗലാപുരം എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് പ്രദീഷിനെ പിന്നീട് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ: ശാലിമ. ഏക മകന്‍ ആദി. സഹോദരന്‍: പ്രബീഷ്.

വാര്‍പ്പ് തൊഴിലാളിയായിരുന്ന പ്രദീഷ് പണി കുറവായതിനെ തുടര്‍ന്ന് സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി വഴി സെക്യൂരിറ്റി ജോലി ചെയ്തുവരികയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.