Latest News

ആംബുലന്‍സ് അപകടം; മരണം രണ്ടായി

ഓച്ചിറ: നവജാതശിശുവിനെ ആശുപത്രിയിലാക്കി മടങ്ങവേ ആംബുലന്‍സ് നിയന്ത്രണം വിട്ടു റോഡരികിലേക്കു പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ മരണം രണ്ടായി. ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് ഉള്‍പ്പെടെ 2 പേര്‍ക്കു പരുക്ക്.[www.malabarflash.com]

ഞായറാഴ്ച ഉച്ചയ്ക്ക് 1.10നു ദേശീയപാതയില്‍ വലിയകുളങ്ങര പള്ളിമുക്കിലായിരുന്നു സംഭവം. സമീപത്തെ ഹോട്ടലിലെ തൊഴിലാളി വള്ളിക്കാവ് കോട്ടയ്ക്കുപുറം വളവുമുക്ക് സാധുപുരത്ത് ചന്ദ്രന്‍ (60), ഓച്ചിറയിലെ ചപ്പാത്തി നിര്‍മാണ യൂണിറ്റിലെ തൊഴിലാളി ഒഡീഷ ചെമ്പദേരിപുര്‍ സ്വദേശി രാജുദോറ (24) എന്നിവരാണു മരിച്ചത്.
4 ദിവസം പ്രായമായ കുഞ്ഞിനെ മംഗലാപുരത്തു നിന്ന് 8 മണിക്കൂര്‍ കൊണ്ടു തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച ശേഷം മടങ്ങുകയായിരുന്നു ആംബുലന്‍സ്.
സൈക്കിളില്‍ പോയ ചന്ദ്രനെയും ഹോട്ടലില്‍ ചപ്പാത്തി നല്‍കിയശേഷം പുറത്തേക്കിറങ്ങിയ 2 ഒഡീഷ സ്വദേശികളെയും ഇടിച്ച ആംബുലന്‍സ് 2 സ്‌കൂട്ടറുകളും ഓട്ടോറിക്ഷയും തകര്‍ത്തു സമീപത്തെ വൈദ്യൂതത്തൂണിലിടിച്ചാണു നിന്നത്. സ്‌കൂട്ടറുകള്‍ പൂര്‍ണമായും തകര്‍ന്നു. ചന്ദ്രന്‍ സംഭവസ്ഥലത്തും രാജുദോറ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മരിച്ചു. 

പരുക്കേറ്റ ഒഡീഷ സ്വദേശി മനോജ്കുമാര്‍ കേത്ത (23)യെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് കാസര്‍കോട് സ്വദേശി അശ്വന്തിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആംബുലന്‍സില്‍ ഡ്രൈവര്‍ അബ്ദുല്ലയ്‌ക്കൊപ്പം സഹഡ്രൈവര്‍ ഹാരിസുമുണ്ടായിരുന്നു. അബ്ദുല്ലയെ ഓച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെയും രാജുദോറയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും മോര്‍ച്ചറികളില്‍.
ഭാര്യ: സുമംഗല. മക്കള്‍: സൂര്യ, പ്രിയ. മരുമക്കള്‍: ശ്രീജിത്ത്, ശിവന്‍. രാജുദോറയുടെ മൃതദേഹം ബന്ധുക്കളെത്തിയശേഷം ചൊവ്വാഴ്ച ഒഡീഷയിലേക്കു കൊണ്ടുപോകും. രണ്ടുവര്‍ഷം മുന്‍പാണു രാജുവും മനോജും ഓച്ചിറയിലെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.