Latest News

കോൺഗ്രസും സിപിഎമ്മും പിന്തുണച്ചു; സാമ്പത്തിക സംവരണ ബിൽ‍ ലോക്സഭ പാസാക്കി

ന്യൂഡൽഹി: സാമ്പത്തിക സംവരണ ബിൽ‍ ലോക്സഭ പാസാക്കി. കോൺഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു. 323 പേരാണ് ബില്ലിനെ അനുകൂലിച്ചത്. മൂന്നു പേർ എതിർത്തു. ബില്ലിനെ പിന്തുണച്ച എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.[www.malabarflash.com]

ലോക്സഭയിൽ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. രാജ്യചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട സംഭവമാണിത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതിയെത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സാമ്പത്തിക സംവരണ തീരുമാനത്തിനു നിയമസാധുതയുണ്ടെന്നു സാമൂഹികനീതി വകുപ്പ് മന്ത്രി തവർചന്ദ് ഗെലോട്ട് ലോക്സഭയില്‍ പറഞ്ഞു. തീരുമാനം സുപ്രീംകോടതി തള്ളില്ല. ഭരണഘടനാ ഭേദഗതി സുപ്രീംകോടതിക്കു തള്ളാനാകില്ല. 50 ശതമാനമെന്ന പരിധി ലംഘിക്കുന്നുവെന്നു പ്രശ്നമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ലോക്സഭയിൽ സംവരണ ബിൽ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു. തവർചന്ദ് ഗെലോട്ടാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 15, 16 അനുഛേദത്തിൽ മാറ്റം വരുത്താനാണു നീക്കം. സാമ്പത്തിക നീതി ഉറപ്പാക്കുകയാണു സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക്സഭയിൽ പറഞ്ഞു. അതേസമയം അണ്ണാ ഡിഎംകെ ലോക്സഭ ബഹിഷ്കരിച്ചു. ബിൽ ജെപിസിക്കു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ‌സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നതായും കോൺഗ്രസ് ലോക്സഭയിൽ അറിയിച്ചു. കെ.വി. തോമസാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്.

നിയമം തിരക്കിട്ടു നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിയാണു പ്രശ്നമെന്നും കെ.വി. തോമസ് കൂട്ടിച്ചേർത്തു. പൗരത്വ നിയമഭേദഗതി ബിൽ പാസാക്കിയ ശേഷമാണു സംവരണ ബില്‍ ലോക്സഭ പരിഗണിച്ചത്. ബില്‍ വീണ്ടും സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്പീക്കര്‍ ആവശ്യം നിഷേധിച്ചതോടെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സഭ ബഹിഷ്ക്കരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.