നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്‌സ സെന്റര്‍ ജയിലിനു കൈമാറി.[www.malabarflash.com]
രേഖകളില്ലാതെ സൗദിയിലേക്ക് നുഴഞ്ഞു കയറിയ കുറ്റത്തിന് സൗദി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. ഒരുമാസമായി ഹാരിസിനെ കാണാനില്ലെന്ന് പരാതിയുമായി കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ രംഗത്ത് വന്നത്.
കഴിഞ്ഞ ദിവസം ആഹാരത്തോടു വിമുഖത കാണിക്കുകയും ശാരീരിക അസ്വസ്ഥത കാണിക്കുകയും ചെയ്തപ്പോള്‍ ജയില്‍ അധികൃതര്‍ ചികിത്സക്കായി തിങ്കളാഴ്ച രാവിലെ അല്‍ അഹ്സ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
വിവരമറിഞ്ഞു അല്‍ കോബാറില്‍ നിന്നും ഹാരിസിന്റെ മാതൃ സഹോദരീ പുത്രന്‍ നീലേശ്വരം സ്വദേശി ശിഹാബ് പൂമാടവും മറ്റൊരു ബന്ധുവായ ജുനൈദ് കാഞ്ഞങ്ങാടും അല്‍ അഹ്‌സയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ മദനിയുടെ സഹായത്തോടെ ആശുപത്രിയിലെ വാര്‍ഡില്‍ പോയി ഹാരിസിനെ കണ്ടു സംസാരിച്ചു.
ആവശ്യമായ രേഖകള്‍ ശരിയാക്കി നാട്ടിലേക്കയക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഹാരിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരം മലയാളി നഴ്സ് ഷീജ ജെയ്‌മോനാനാണ് കുടുംബത്തെ വിവരം അറിയിച്ചത്.
ഹാരിസിനെ നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ അല്‍ അസ്ഹയിലെ ഐസിഎഫ് പ്രവര്‍ത്തകരും, അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥരും സ്വീകരിച്ചു വരികയാണ്.
ഡിസംബര്‍ മാസത്തില്‍ നടന്ന സഹോദരീ പുത്രിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ കമ്പനിയോട് ഹാരിസ് ലീവ് ചോദിച്ചിരുന്നു. അത് കിട്ടാതെ വന്നപ്പോള്‍ വിസ ക്യാന്‍സലാക്കിത്തരാന്‍ കമ്പനിയോട് ആവശ്യപ്പെട്ടപ്പോള്‍ പതിനഞ്ചു ദിവസം കാത്തിരിക്കാനാണ് കമ്പനി അറിയിച്ചത്. ഇതിനിടെ ഹാരിസ് അപ്രത്യക്ഷനായി. അബുദാബിയില്‍ നിന്ന് കാല്‍നടയായി സൗദി അതിര്‍ത്തിയിലെത്തിയ ഹാരിസിനെ സൗദി അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു അല്‍ അഹ്‌സ സെന്റര്‍ ജയിലിനു കൈമാറുകയായിരുന്നു.
No comments:
Post a Comment