കോഴിക്കോട്: മുസ്‌ലിംകളെ കൊന്നൊടുക്കുമെന്നും പള്ളികള്‍ തകര്‍ക്കുമെന്നും ആര്‍എസ്എസ് പരസ്യമായി കലാപാഹ്വാനം നടത്തുമ്പോള്‍ അപകടത്തില്‍പ്പെട്ട അയ്യപ്പ ഭക്തര്‍ക്ക് അഭയമൊരുക്കി മുസ്‌ലിം പള്ളി മാതൃകയായി.[www.malabarflash.com]
കുഴല്‍മന്ദം ചരപ്പറമ്പ് ജുമാമസ്ജിദ് ഇമാമും മഹല്ല് നിവാസികളുമാണ് വാഹനാപകടത്തില്‍പ്പെട്ട ശബരമല തീര്‍ത്ഥാടകര്‍ക്ക് അഭയമൊരുക്കിയത്. ഹൈദരാബാദില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ചരപ്പറമ്പില്‍ ഡിവൈഡറിലിടിച്ച് അപകടത്തില്‍പ്പെട്ടത്.
പാലക്കാട്ട് നിന്ന് കാല്‍നടയായി പോയ തീര്‍ത്ഥാടകരുടെ നേര്‍ക്ക് വാഹനം പാഞ്ഞുകയറി നിയന്ത്രണം വിട്ട ബസ് മറിഞ്ഞു. കാല്‍നടയായി പോയിരുന്ന നാല് അയ്യപ്പഭക്തര്‍ക്ക് നിസ്സാര പരിക്കേറ്റു. വാഹനത്തിലുള്ളവര്‍ക്ക് പരിക്കേറ്റില്ലെങ്കിലും വാഹനം മറിഞ്ഞതോടെ അയ്യപ്പ ഭക്തര്‍ പെരുവഴിയിലായി. ഇതോടെ അയ്യപ്പ ഭക്തര്‍ക്ക് സംരക്ഷണ മൊരുക്കി മഹല്ല് ഇമാമിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ എത്തുകയായിരുന്നു.
പള്ളിയില്‍ പ്രഭാത നമസ്‌കാരത്തിന് എത്തിയവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ചരപ്പറമ്പ് യത്തീംഖാനയിലെ വിദ്യാര്‍ഥികളും കമ്മിറ്റി ഭാരവാഹികളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു.
ഒരു പെണ്‍കുട്ടിയടക്കം 20 തീര്‍ത്ഥാടകരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പള്ളിയിലും യത്തീംഖാനയിലും അഭയമൊരുക്കിയ നാട്ടുകാര്‍ പ്രാഥമിക ശുശ്രൂഷയും മറ്റു സൗകര്യങ്ങളും നല്‍കി. പള്ളി പരിസരത്ത് തന്നെ വിരിവക്കാനും അയ്യപ്പന്റെ രൂപം സ്ഥാപിച്ച് പൂജ നടത്താനും സൗകര്യം ചെയ്ത് കൊടുത്ത പള്ളി ഭാരവാഹികള്‍ സൗഹൃദത്തിന്റെ ഉത്തമ മാതൃകയാണ് ലോകത്തിന് പകര്‍ന്ന് നല്‍കിയത്.
അയ്യപ്പ ഭക്തര്‍ക്ക് പ്രഭാത ഭക്ഷണത്തിന് സസ്യാഹാരവും തയ്യാറാക്കി നല്‍കാനും മഹല്ല് നിവാസികള്‍ മറന്നില്ല. മഹല്ല് കമ്മിറ്റി ഭാരവാഹികളായ സി പി ഷാഹുല്‍ ഹമീദ്, അബ്ദുല്‍ റസാഖ്, മുഹമ്മദ് മുസ്‌ല്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാതൃകാ പ്രവര്‍ത്തനം നടത്തിയ പള്ളി കമ്മിറ്റിയെ സ്ഥലത്തെത്തിയ കുഴല്‍മന്ദം എസ്‌ഐ എ അനൂപ് അഭിനന്ദിച്ചു. 11 മണിയോടെ എസ്‌ഐ ഏര്‍പ്പാടാക്കിയ മറ്റൊരു വാഹനത്തില്‍ അയ്യപ്പ ഭക്തര്‍ യാത്ര തുടര്‍ന്നു.
No comments:
Post a Comment