Latest News

വീട്ടുകാർ കൊലപ്പെടുത്തിയ പ്രണയ് കുമാറിന്റെ ഭാര്യ അമൃത ആൺകുഞ്ഞിന് ജൻമം നൽകി

ഹൈദരാബാദ്: തെലങ്കാനയിൽ ജാതി മാറി പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ഭാര്യവീട്ടുകാർ കൊലപ്പെടുത്തിയ പെരുമല്ല പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിനു ജന്മം നല്‍കി.[www.malabarflash.com] 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ 14 നായിരുന്നു നാടിനെ നടുക്കിയ അരുംകൊല. ഗർഭിണിയായിരുന്ന അമൃതയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴായിരുന്നു പ്രണയ്‌യെ വെട്ടിക്കൊലപ്പെടുത്തിയത്.

പ്രണയ്-അമൃതവര്‍ഷിണി ദമ്പതികളുടെ ഒന്നാം വിവാഹ വാർഷികത്തിലാണ് അമൃതവര്‍ഷിണി ആൺകുഞ്ഞിനു ജന്മം നൽകിയത്. സുഖപ്രസവമാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും പ്രണയിന്റെ പിതാവ് ബാലസ്വാമി പറഞ്ഞു.

എന്നാൽ അമൃതയുടെ വീട്ടുകാരിൽ നിന്നുള്ള ആക്രമണം ഭയന്ന് അമ്മയും കുഞ്ഞും എവിടെയാണെന്നു ബാലസ്വാമി വെളിപ്പെടുത്തിയില്ല. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമൃതയുടെ മുന്നിലിട്ടായിരുന്നു പ്രണയ്‌യെ ക്വട്ടേഷൻ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. തലയിൽ ആഴത്തിലുള്ള വെട്ടേറ്റതിനാൽ സംഭവസ്ഥലത്തു വച്ചുതന്നെ പ്രണയ് മരിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും അന്നു പുറത്തുവന്നിരുന്നു. അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിര്‍ദേശപ്രകാരമാണ് പ്രണയിനെ കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തുന്നതിനായി ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികൾക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മാരുതി റാവു നൽകിയത്. കേസില്‍ കൊലയാളി ഉള്‍പ്പെടെ ഏഴുപേരെ പോലീ സ് പിടികൂടി.

2018 ജനുവരിയിലാണ് പ്രണയും അമൃതവര്‍ഷിണിയും തമ്മിലുള്ള വിവാഹം നടന്നത്. പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതിനോട് അമൃതവര്‍ഷിണിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.