Latest News

മോദിക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി; “പ്രധാനമന്ത്രിക്ക് ഇപ്പോഴും സംഘപരിവാര്‍ പ്രചാരകന്റെ മനസ്സ്”

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കുന്നയാളാണ് കേരള സര്‍ക്കാറിനെ വിമര്‍ശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.[www.malabarflash.com] 

മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ശരിയായി നിറവേറ്റിയോയെന്ന് മോദി പരിശോധന നടത്തണം. പ്രധാനമന്ത്രിക്ക് ഇപ്പോഴും സംഘപരിവാര്‍ പ്രചാരകന്റെ മനസ്സാണ്. 

റമസാന്‍ നോമ്പുതുറക്കായി വീട്ടിലേക്ക് ട്രെയിനില്‍ പോയ സഹോദരങ്ങളെ വേഷത്തില്‍ നിന്ന് മുസ്‌ലിം ആണെന്ന് തിരിച്ചറിഞ്ഞ് ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചു. സഹോദരങ്ങളില്‍ ഏറ്റവും ഇളയവനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒരു വിഭാഗം ആളുകളെ, ഒരു കുറ്റവും ചെയ്യാത്ത ചെറുപ്പക്കാരെ കൊല ചെയ്യുന്നവര്‍ക്ക് സംഘപരിവാര്‍ സംരക്ഷണം കൊടുത്തു. എങ്ങനെയെല്ലാം അവരെ സംഘപരിവാര്‍ സംരക്ഷിച്ചുവെന്ന് രാജ്യത്തിന് അറിയാം.

ഭക്ഷണത്തിന്റെ പേരിലും പശുവിന്റെ പേരിലും മനുഷ്യനെ കൊല്ലുന്നു. ഈ മാനസികാവസ്ഥയിലേക്ക് രാജ്യത്തെ ചെറുപ്പക്കാരെ എത്തിച്ചത് സംഘപരിവാറാണ്. പ്രധാനമന്ത്രിയുടെ അനുയായികളാണ് രാജ്യത്തിന്റെ സംസ്‌കാരം തകര്‍ക്കുന്നത്. ആ അതിക്രമങ്ങളെയാണ് പ്രധാനമന്ത്രി എതിര്‍ക്കേണ്ടത്. 

ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവിനുള്ള സംഘപരിവാര്‍ ശ്രമം കേരളത്തില്‍ നടക്കില്ലെന്ന നിരാശയാണ് മോദിയുടെ വിമര്‍ശനത്തിന് കാരണം. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ദേശീയ സമ്മേളനത്തിലാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി പറഞ്ഞത്.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വെല്ലുവിളി നേരിടുകയാണെന്നും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തന്നെ അതിന് നേതൃത്വം നല്‍കുകയാണെന്നുമായിരുന്നു മോദിയുടെ വിമര്‍ശനം. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന ആശയവുമായി മുന്നോട്ടുപോകുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ആക്രമിക്കപ്പെടുകാണ്. ശബരിമല വിഷയം ഇന്ത്യ മുഴുവന്‍ കാണുന്നുണ്ട്. കമ്യൂണിസ്റ്റുകാര്‍ കേരള സംസ്‌കാര ചിഹ്നങ്ങളെ അപമാനിക്കുകയാണ്. യു ഡി എഫും ഇക്കാര്യത്തില്‍ മോശമല്ലെന്നും മോദി പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന സമ്മേളന ഭാഗമായ പൊതു സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മോദി വിമര്‍ശനമുന്നയിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന അജന്‍ഡ മോദിയെ എതിര്‍ക്കുക എന്നത് മാത്രമാണ്. രാജ്യത്തിന്റെ വികസനത്തിന് ക്രിയാത്മക നിര്‍ദേശം നല്‍കാന്‍ അവര്‍ക്ക് കഴിയുന്നില്ല. സൈന്യം, പോലീസ,് സി ബി ഐ, സി എ ജി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളില്‍ പ്രതിപക്ഷത്തിന് വിശ്വാസമില്ല. അടിയന്തിരാവസ്ഥയുടെ മാനസികാവസ്ഥയിലാണ് പല കോണ്‍ഗ്രസ് നേതാക്കളും. രാജ്യത്തെ ജനാധിപത്യ സംസ്‌കാരം തകര്‍ക്കാനും അഴിമതിയിലൂടെ കീശ വീര്‍പ്പിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ഒറ്റക്കെട്ടാണെന്നും മോദി പറഞ്ഞിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.