Latest News

പന്തളത്ത് കല്ലേറിൽ പരിക്കേറ്റ കർമസമിതി പ്രവർത്തകൻ മരിച്ചു

പന്തളം: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറിൽ പരിക്കേറ്റ ശബരിമല കർമസമിതി പ്രവർത്തകൻ മരിച്ചു. പന്തളം കുരമ്പാല കുറ്റിയിൽ വീട്ടിൽ ചന്ദ്രൻ ഉണ്ണിത്താൻ (55) ആണ് മരിച്ചത്.[www.malabarflash.com]

തലയ്ക്ക് പരിക്കേറ്റ ചന്ദ്രനെ വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം.

ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് കല്ലേറും സംഘർഷവും ഉണ്ടായത്. വൈകിട്ട് ആറു മണിയോടെ മണികണ്ഠൻ ആൽത്തറയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി മാവേലിക്കര റോഡിൽ നഗരസഭാ കാര്യാലയത്തിനു മുമ്പിലുള്ള സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയപ്പോഴായിരുന്നു കല്ലേറ്.

പ്രകടനത്തിൽ നിന്നും പാർട്ടി ഓഫീസിലേക്കും തിരിച്ചും കല്ലേറുണ്ടായതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. ചന്ദ്രനെ കൂടാതെ പരിക്കേറ്റ നാലു പേർ കൂടി ആശുപത്രിയിൽ ചികിത്സയിലാണ്.

വിജയമ്മയാണ് ചന്ദ്രൻ ഉണ്ണിത്താന്‍റെ ഭാര്യ. മകൾ: അഖില.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.