Latest News

നവോത്ഥാന സന്ദേശമുയര്‍ത്തി സ്ത്രീലക്ഷങ്ങള്‍ അണിനിരന്നു; ചരിത്രമെഴുതി വനിതാമതില്‍

തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സ്ത്രീലക്ഷങ്ങള്‍ അണിനിരന്ന വനിതാ മതില്‍ കേരളത്തിലുയര്‍ന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതിലില്‍ വലിയ സ്ത്രീ പങ്കാളിത്തമാണുണ്ടായത്.[www.malabarflash.com]
നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍ ആരംഭിച്ചത്. കാസര്‍കോട് മന്ത്രി കെ. കെ. ശൈലജ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, വൃന്ദാ കാരാട്ട്, ആനി രാജ തുടങ്ങിയ പ്രമുഖരും സാമൂഹ്യ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു. മന്ത്രി എ.കെ ശശീന്ദ്രന്‍, നടി റിമ കല്ലിങ്കല്‍, സാമൂഹ്യ പ്രവര്‍ത്തക അജിത തുടങ്ങിയവര്‍ കോഴിക്കോട് മതിലില്‍ പങ്കാളികളായി.
പ്രധാന കേന്ദ്രങ്ങളിലെ സമാപനസമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുത്തു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് പ്രംസഗിച്ചു. ആലപ്പുഴയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കൊല്ലത്ത് ആര്‍. ബാലകൃഷ്ണപിള്ള, എറണാകുളത്ത് എം.എ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു. നവോത്ഥാനസംരക്ഷണ സമിതിയുടേയും സര്‍ക്കാരിന്റേയും നേതൃത്യത്തിലാണ് മതില്‍ സംഘടിപ്പിച്ചത്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെ 620 കിലോമീറ്റര്‍ ദൂരത്തിലാണ് മതിലുയര്‍ന്നത്. റോഡിന്റെ ഇടതുവശത്താണ് സ്ത്രീകള്‍ അണിനിരന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവിധ സംഘടനാ പ്രവര്‍ത്തകരും കൂട്ടായ്മകളിലെ അംഗങ്ങളും മതിലില്‍ പങ്കെടുത്തു.





No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.