Latest News

ദേശീയപാതയോരത്ത് മിഡ്ടൗണ്‍ റോട്ടറി വക പൊതു ശൗചാലയം

കാഞ്ഞങ്ങാട്‌: ജില്ലാ ആസ്പത്രിയില്‍ ദേശീയപാതയോരത്ത് പൊതു ശൗചാലയം. മിഡ്ടൗണ്‍ റോട്ടറിയാണ് ഒന്നേകാല്‍ ലക്ഷം രൂപ ചെലവില്‍ രണ്ടു മുറിയുള്ള ശൗചാലയം പണിതത്. ജില്ലയില്‍ ദേശീയപാതയോരത്തെ ആദ്യ പൊതു ശൗചാലയമെന്ന പ്രത്യേകതയുമുണ്ട്.[www.malabarflash.com]

സംസ്ഥാഥാനത്ത് ഒന്നാം സ്ഥാനത്തോടെ കായകല്‍പം പുരസ്‌കാരം ജില്ലാ ആസ്പത്രിക്ക് ലഭിച്ചതില്‍ അനുബന്ധഘടകം കൂടിയാണ് ഈ ശൗചാലയമെന്ന് ജില്ലാ ആസ്പത്രി അധികൃതര്‍ പറഞ്ഞു. സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ആസ്പത്രിയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവൃത്തികള്‍ക്ക് കായകല്‍പം പുരസ്‌കാര നിര്‍ണയത്തിന് പ്രത്യേക പരിഗണനയുണ്ടായിരുന്നു.

ശൗചാലയം പണിയാനായി ജില്ലാ ആസ്പത്രി അധികൃതര്‍ മിഡ്ടൗണ്‍ റോട്ടറി ഭാരവാഹികളെ സമീപിച്ചപ്പോള്‍ റോട്ടറി പ്രവൃത്തി ഏറ്റെടുത്തത് ആസ്പത്രിക്ക് ഈ വിഭാഗത്തില്‍ മാര്‍ക്ക് നേടാന്‍ സഹായകമായി. 

ദേശീയപാതയില്‍ ആവശ്യത്തിനു പൊതുശൗചാലയങ്ങള്‍ ഇല്ലാത്തത് യാത്രികര്‍ക്ക് വലിയ അസൗകര്യമാണ് ഉണ്ടാക്കുന്നത്. സ്ത്രീയാത്രക്കാരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ പല പദ്ധതികളും ആവിഷ്‌കരിച്ചുവെങ്കിലും ഒന്നും നടപ്പായില്ല. 

ജില്ലാ ആസ്പത്രി പരിസരത്ത് ശൗചാലയം വരുന്നത് യാത്രക്കാര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാവും. ഏതാനും ദിവസങ്ങള്‍ക്കകം ശൗചാലയം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ.എസ് സ്റ്റാന്‍ലി, ആ എം ഒ ഡോ.റിജിത് കൃഷ്ണന്‍, മിഡ്ടൗണ്‍ റോട്ടറി പ്രസിഡന്റ് ബി മുകുന്ദ് പ്രഭു, സെക്രട്ടറി എം ശിവദാസ്, ട്രഷറര്‍ എ രാജീവന്‍ എന്നിവര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.