Latest News

പ്രത്യാഘാതം നേരിടേണ്ടി വരും; ഹർത്താൽ പ്രഖ്യാപിച്ചവർക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി: ഹർത്താൽ നടത്തുന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടെന്നിരിക്കെ മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.[www.malabarflash.com] 

തിങ്കളാഴ്ച നടക്കുന്ന ഹർത്താലിനെതിരെ സ്വമേധാ കേസെടുത്ത കോടതി ആരാണ് ഹർത്താലിനു പിന്നിലെന്നും ആരായിരുന്നാലും കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി. ഹർത്താലിനെ നേരിടാൻ എന്തു നടപടിയാണ് സ്വീകരിച്ചതെന്നു അറിയിക്കണമെന്നു സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉൾപ്പെടെ മൂന്നു പേർക്ക് കോടതി നോട്ടിസ് അയച്ചു. ഹർത്താലിനെതിരായ ഹർജികളിൽ ഇവരെ കക്ഷിയാക്കും. ഹർത്താലിലുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്വം ആഹ്വാനം ചെയ്തവർക്കാണ്. നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ഹർത്താൽ പ്രഖ്യാപിച്ചവർ നൽകണമെന്നും കോടതി പറഞ്ഞു.

മുന്നറിയിപ്പില്ലാതെയുള്ള ഹർത്താൽ പ്രഖ്യാപനം കോടതിയലക്ഷ്യവും ക്രിമിനൽ കുറ്റവുമാണെന്നു വ്യക്തമാക്കിയ കോടതി, സേവനങ്ങൾ നിർത്തി വയ്ക്കരുതെന്നും മോഡൽ പരീക്ഷ എഴുതാൻ കുട്ടികളെ പരീക്ഷാ ഹാളുകളിൽ എത്തിക്കാൻ സംവിധാനം ഒരുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. 

കോടതി ഉത്തരവ് നടപ്പാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നു വ്യക്തമാക്കിയ കോടതി ഉത്തരവ് ലംഘിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനാനുമതി റദ്ദാക്കാൻ വകുപ്പുണ്ടോ എന്നു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, യൂത്ത് കോൺഗ്രസ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കോടതിയിൽ സമർപ്പിച്ചു. പെട്ടെന്നു പ്രഖ്യാപിച്ച ഹർത്താൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും എസ്എസ്എൽസി മോഡൽ പരീക്ഷ ഉൾപ്പടെ മാറ്റി വയ്ക്കേണ്ടി വന്നെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. 

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് കേസ് പരിഗണിക്കുന്നത്. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുൻപേ നോട്ടിസ് നൽകണമെന്ന് ഹൈക്കോടതി നേരത്തെ മാർഗനിർദേശം നൽകിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.