Latest News

ഒറ്റവെട്ടിൽ തലയോട്ടി തകര്‍ന്ന് കൃപേഷ്; ശരത്തിന്റെ ജീവനെടുത്തത് 15 വെട്ടിൽ

കണ്ണൂ‍ർ: പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകം അതിക്രൂരമെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. കൊടുവാള്‍ പോലെയുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊന്നതെന്നാണു പ്രാഥമിക നിഗമനം.[www.malabarflash.com]

കൃപേഷിന്റെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ്. വെട്ടേറ്റു തലച്ചോറ് പിളർന്നു. ശരത്‌ലാലിന്റെ ശരീരത്തിൽ 15 വെട്ടുണ്ട്. ഇതിൽ 2 വെട്ടുകൾ മരണകാരണമായതായും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

ശരത്തിന്റെ ഇടതു നെറ്റി മുതൽ 23 സെന്റിമീറ്റർ നീളത്തിലുള്ള മുറിവാണ് ഒന്ന്. വലതു ചെവി മുതൽ കഴുത്ത് വരെ നീളുന്ന വെട്ട് രണ്ടാമത്തേത്. മുട്ടിനു താഴെ മാത്രം അഞ്ചിടത്തു വെട്ടേറ്റു. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണു കാലുകളില്‍. കൃപേഷിന്‍റെ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റത്. 11 സെന്‍റിമീറ്റര്‍ നീളത്തിലും 2 സെന്റിമീറ്റര്‍ ആഴത്തിലുമുള്ള വെട്ടേറ്റു തലയോട്ടി തകര്‍ന്നു സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു.

ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു ശരത്‍ മരിച്ചത്. ആയുധപരിശീലനം ലഭിച്ചവരോ മുൻപ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്‍റെ നിഗമനം. 

പെരിയയിലെ ഇരട്ട കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നുമാണു പ്രഥമാന്വേഷണ റിപ്പോര്‍ട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണമെന്നും എഫ്‌ഐആറില്‍ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.