Latest News

കലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം: 7 പേർ നുണ പരിശോധനയ്ക്ക്

കൊച്ചി: നടൻ കലാഭവൻ മണിയുടെ സംശയകരമായ മരണവുമായി ബന്ധപ്പെട്ട് 7 പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കും. മണിയുടെ സുഹൃത്തുക്കളായ നടൻ ജാഫർ ഇടുക്കി, ജോബി സെബാസ്റ്റ്യൻ, സാബുമോൻ, സി.എ. അരുൺ, എം.ജി. വിപിൻ, കെ.സി. മുരുകൻ, അനിൽകുമാർ എന്നിവരെയാണു നുണ പരിശോധനയ്ക്കു വിധേയരാക്കുക.[www.malabarflash.com]

കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇവർ 7 പേരും വെളളിയാഴ്ച നേരിട്ടു ഹാജരായി നുണ പരിശോധനയ്ക്കുള്ള സമ്മതം അറിയിച്ചു. നേരത്തേ സമ്മതപത്രം എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കു കോടതിയുടെ അനുമതി തേടുകയായിരുന്നു. വിവരങ്ങൾ പറഞ്ഞുകൊടുത്ത ശേഷം നുണപരിശോധനയ്ക്കു സമ്മതമാണോ എന്നു കോടതി 7 പേരോടും ആരാഞ്ഞു. ഇവർ സമ്മതം അറിയിച്ചതോടെ സിബിഐയുടെ അപേക്ഷയിൽ കോടതി ഈ മാസം 12 നു വിധി പറയും.

കലാഭവൻ മണിയെ 2016 മാർച്ച് 5നാണ് വീടിനു സമീപത്തെ ഒഴിവുകാല വസതിയായ ‘പാഡി’യിൽ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്നു മരിച്ചു. വിഷമദ്യം ഉള്ളിലെത്തിയാണു മണി മരിച്ചതെന്ന ആരോപണം അന്നു മുതലുണ്ട്. ഇതെ തുടർന്നു മണിയുമായി അടുപ്പം പുലർത്തിയ പലരെയും ലോക്കൽ പോലീസും പിന്നീടു സിബിഐയും ചോദ്യം ചെയ്തിരുന്നു. കേസന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നുണപരിശോധന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.