Latest News

രാജ്യത്തിന്റെ മതേതര പൈതൃകം സംരക്ഷിക്കണം: കാന്തപുരം

കോഴിക്കോട്: ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മതേതര പൈതൃകം സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനും ത്യാഗം ചെയ്യണമെന്നും ഉയര്‍ന്ന ജനാധിപത്യ ബോധമാവണം ഇന്ത്യന്‍ ജനതയെ മുന്നോട്ടു നയിക്കേണ്ടതെന്നും അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.[www.malabarflash.com]

തെരഞ്ഞെടുപ്പുകള്‍ വന്നു പോകും. പൗരാവകാശങ്ങളെ മാനിക്കും വിധം സഹിഷ്ണുതാപരവും സംവാദാത്മകവുമായ പ്രതിപക്ഷ ബഹുമാനം പ്രചാരണ രംഗത്തുള്ള രാഷ്ട്രീയ കക്ഷികള്‍ സൂക്ഷിക്കണം. അത്തരം നിലപാടാണ് ജനാധിപത്യ ഇന്ത്യ പ്രതീക്ഷിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന പ്രസ്താവനകളും പ്രചാരണങ്ങളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്. മുനുഷ്യമനസ്സുകളില്‍ വര്‍ഗീയതയുടെ മതില്‍കെട്ടുകളുണ്ടാക്കാന്‍ ആരെയും അനുവദിക്കരുതെന്നും കാന്തപുരം പറഞ്ഞു.

സക്രിയ യൗവ്വനത്തിന് കരുത്താവുക എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.

പുതിയ എസ് വൈ എസ് സംസ്ഥാന ഭാരവാഹികളെ കാന്തപുരം സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, പ്രൊ. കെ.എം.എ റഹീം, സി.കെ റാഷിദ് ബുഖാരി, സയ്യിദ് ത്വാഹ സഖാഫി, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.