Latest News

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കൊല; കാസര്‍കോട് തിങ്കളാഴ്ച ഹര്‍ത്താല്‍

കാസര്‍കോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.[www.malabarflash.com]

രാവിലെ ആറു മണിമുതല്‍ വൈകുന്നേരം ആറു മണിവരെയായിരിക്കും ഹര്‍ത്താലെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു.


പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷ് (24), ശരത്ത് ലാല്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്.

അതേ സമയം കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ. കല്യോട്ട് ക്ഷേത്രോത്സവ സ്ഥലത്തു നിന്നും കൃപേഷിനെ വീട്ടിലേക്ക് കൊണ്ടുവിടാനായി പോകുമ്പോഴാണ് കിച്ചു കൃപേഷിനെയും, സുഹൃത്ത് ജോഷി എന്ന ശരത്ത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. 

ഞായറാഴ്ച രാത്രി 7.45 മണിയോടെയാണ് സംഭവം. ഒരാളുടെ മൃതദേഹം ബൈക്കിന് ചാരിയ നിലയിലും മറ്റൊരാളുടെ മൃതദേഹം തൊട്ടകലെയുമാണ് കണ്ടെത്തിയത്. ജീപ്പിലാണ് അക്രമികളെത്തിയതെന്നാണ് വിവരം.

മുന്നാട് കോളജില്‍ കെ എസ് യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഇരുമ്പുവടി കൊണ്ട് സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൈ തല്ലിയൊടിച്ചിരുന്നു. ഈ സംഭവത്തില്‍ കൃപേഷും ശരത്തും ഉള്‍പെടെ 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 

ഈ സംഭവത്തില്‍ ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ക്കു നേരെ സി പി എം പ്രവര്‍ത്തകരുടെ വധഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

ഇതിനു പിന്നാലെയാണ് ക്ഷേത്രോത്സവ സ്ഥലത്തു നിന്നും മടങ്ങുമ്പോള്‍ ഇരുവരെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സ്ഥലത്തെ ഒരു സി പി എം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്. അതുകൊണ്ടുതന്നെ സാക്ഷികളായി മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. 

പിന്നീട് ഇതുവഴി വന്നവരാണ് യുവാക്കളെ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേയാണ് കൃപേഷ് മരണപ്പെട്ടത്. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ശരത്തും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ പെരിയയിലെ ഒരു ബാങ്ക് ജീവനക്കാരനില്‍ നിന്നും എ എസ് പി. ഡി. ശില്‍പ മൊഴിയെടുത്ത ശേഷം ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. കേസ് അന്വേഷണം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി പ്രദീപിനാണ് ഏല്‍പിച്ചിരിക്കുന്നത്.

കൊലപാതകവിവരമറിഞ്ഞ് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളടക്കം നൂറുകണക്കിനാളുകള്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. ഇതോടെ ജനറല്‍ ആശുപത്രി പരിസരം ജനനിബിഡമായി. വന്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പെരിയയിലും പരിസര പ്രദേശങ്ങളിലും പോലീസ് വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. അക്രമി സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ഉന്നത നേതാക്കള്‍ തിങ്കളാഴ്ച കാസര്‍കോട്ടെത്തും. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.