Latest News

ധീരജവാന്‍ വസന്തകുമാറിന് ജന്മനാടിന്റെ യാത്രാമൊഴി

കല്‍പ്പറ്റ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്‍ വി വി വസന്ത കുമാറിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.[www.malabarflash.com]

രാത്രി പത്തോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. തൃക്കെപ്പറ്റയിലെ കുടുംബശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് ഭൗതികദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാര്‍ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രയില്‍ വിവിധ ഇടങ്ങളില്‍ വെച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം വസന്തകുമാറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആളുകള്‍ കാത്തുനിന്നിരുന്നു.

വയനാട്ടില്‍, വസന്തകുമാറിന്റെ ഭാര്യയും മക്കളും അമ്മയും താമസിക്കുന്ന പൂക്കോട് വെറ്റിനറി സര്‍വകലാശാലയോട് ചേര്‍ന്നുള്ള വീട്ടിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. തുടര്‍ന്ന് വസന്തകുമാര്‍ പഠിച്ച ലക്കിടി ജി.എല്‍.പി.എസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം സംസ്‌കാരച്ചടങ്ങുകള്‍ക്കായി തൃക്കൈപ്പറ്റയിലേക്ക് എത്തിക്കുകയായിരുന്നു. 

 പോലീസിന്റെയും സിആര്‍പിഎഫിന്റെയും ഔദ്യോഗിക ബഹുമതികള്‍ നല്‍കിയതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.