Latest News

രാസപരിശോധന ഫലം ലഭിച്ചു; രജനി കൊലക്കേസ് വിചാരണ മാര്‍ച്ച് 29ന് ആരംഭിക്കും

കാസര്‍കോട്: നീലേശ്വരം കണിച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൊന്ന് കുഴിച്ച് മൂടിയ ഒളവറ മാവിലങ്കാട്ട് കോളനിയിലെ കണ്ണന്റെ മകളും ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ജീവനക്കാരിയുമായ രജനിയുടെ രാസപരിശോധന ഫലം ലഭിച്ചു. ഇതോടെ കേസിന്റെ വിചാര മാര്‍ച്ച് 29ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.[www.malabarflash.com] 

ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നടത്തിപ്പുകാരനായ കണിച്ചിറയിലെ സതീശനാണ് കേസിലെ പ്രതി. രജനിയുടെ മൃതദേഹം 2014 ഒക്ടോബര്‍ 20നാണ് കണ്ണിച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍തോപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. 2014 സെപ്തംബര്‍ 12 മുതല്‍ രജനിയെ കാണാനില്ലായിരുന്നു. സതീശന്റെ കൂടെ രജനി ഒളിച്ചോടി എന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്.

പിതവ് കണ്ണന്റെ പരാതിയില്‍ കേസെടുത്ത് ചന്തേര പോലീസ് കേരളത്തിലും കര്‍ണ്ണാടകത്തിലുമായി വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും രജനിയെ കണ്ടെത്താനായില്ല. ഇതിനിടയില്‍ പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലൂടെ സതീശനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രജനിയെ താന്‍ കൊലപ്പെടുത്തി കണിച്ചിറയിലെ തെങ്ങിന്‍തോപ്പില്‍ കഴിച്ചുമൂടിയതായി സമ്മതിച്ചത്. രജനിയും സതീശനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.

തന്നെ വിവാഹം കഴിക്കണമെന്ന് രജനി പലവട്ടം സതീശനോട് ആവശ്യപ്പെട്ടെങ്കിലും ഭാര്യയും കുട്ടികളുമുള്ള സതീശന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് 2014 സെപ്തംബര്‍ 12ന് ട്രസ്റ്റ് ഓഫീസില്‍ വെച്ച് വിവാഹം സംബന്ധിച്ച് ഇരുവരും തമമ്മില്‍ വിവാഹം സംബന്ധിച്ച കാര്യത്തെ ചൊല്ലി തര്‍ക്കമുണ്ടാകുകയും പ്രകോപിതനായ സതീശന്റെ അടിയേറ്റ് രജനി നിലത്ത് വീഴുകയും ചെയ്തു.

നിലത്ത് വീണ രജനിയെ സതീശന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് തന്റെ ഒമ്‌നി വാനില്‍ രജനിയുടെ മൃതദേഹം കണിച്ചിറയിലേക്ക് കൊണ്ടുപോയി സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോപ്പില്‍ കുഴിച്ചിട്ടുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസിന്റെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചുവെങ്കിലും രാസപരിശോധന ഫലം കിട്ടാന്‍ വൈകിയതാണ് വിചാരണ നീണ്ടുപോകാന്‍ കാരണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.