Latest News

'സഖി'മാര്‍ക്ക് പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്

ഉദുമ: പച്ചക്കറി കൃഷിയില്‍ പുതുചരിത്രമെഴുതിയ സഖി ഉദയമംഗലം പ്രവര്‍ത്തകര്‍ക്ക് പ്രകൃതി സമ്മാനമായി നല്‍കിയത് നൂറുമേനി വിളവ്. ഉദയമംഗലം ക്ഷേത്രത്തിന് സമീപത്തെ പാഠശേഖരത്തിലാണ് സഖി പ്രവര്‍ത്തകര്‍ പച്ചക്കറി കൃഷി ഇറക്കിയത്.[www.malabarflash.com] 

കൃഷി വകുപ്പിന്റെ സഹകരണത്തോടെ നവംബര്‍ 24നാണ് ഭൂമിക ജൈവ പച്ചക്കറി കൃഷിക്ക് വിത്തിട്ടത്. തക്കാളി, വഴുതിന, ചീര, വെണ്ട, മത്തന്‍, നരമ്പന്‍, കിഴങ്ങ് , കപ്പ, ചോളം, പച്ചമുളക്, പയര്‍ എന്നിവയാണ് കൃഷി ചെയ്തത്.
ജിജിന നാരായണന്റെ നേതൃത്വത്തില്‍ സഖി പ്രവര്‍ത്തകരായ ആരതി ചന്ദ്രന്‍ , മോണിക്ക മോഹനന്‍, അശ്വതി ചന്ദ്രന്‍, ശ്വേത രത്‌നാകരന്‍, ശ്രേയ രത്‌നാകരന്‍, പി.വി അഞ്ജലി, അജിഷ ഭാസ്‌കരന്‍, കെ. മാളവിക, വര്‍ഷ മോഹനന്‍, കെ. വിപിനരാജ്, എം. നിഥുന, ജിഷ്ണ നാരായണന്‍, വിജിന, സ്വാതി കൃഷ്ണ, ജിനിഷ സുകുമാരന്‍, പി.വി മാളവിക, ഫാത്തിമ ഹാദിയ നിഹ്ല, പി.വി.കാവ്യശ്രീ, ആതിഥ്യ കൃഷ്ണന്‍ എന്നിവരാണ് പച്ചക്കറി കൃഷി നടത്തിയത്. ഇതില്‍ ഒരാള്‍ പഞ്ചായത്ത് ജീവനക്കാരിയും മറ്റുള്ളവര്‍ വിദ്യാര്‍ത്ഥികളുമാണ്. 

രാവിലെ 6.30 മുതല്‍ ഏഴര വരെയും വൈകുന്നേരം അഞ്ചര മുതല്‍ ആറര വരെയും ഇവര്‍ പച്ചക്കറി തോട്ടത്തിലെത്തി വെളളം നനക്കും. സഹായത്തിന് ഇവരുടെ അമ്മമാരും എത്തും. കഴിഞ്ഞ വര്‍ഷം വീടുകളില്‍ ഗ്രോബാഗിലാണ് പച്ചക്കറി ചെയ്തത്. ഈ വര്‍ഷം പരീക്ഷണാര്‍ത്ഥമാണ് പാടത്ത് കൃഷി ഇറക്കിയത്. പൂര്‍ണമായും ജൈവ വളമാണ് ഉപയോഗിച്ചത്. നൂറുമേനി വിളവ് കിട്ടിയതില്‍ ഇവര്‍ ഏറെ സന്തോഷത്തിലാണ്. 

സമീപത്തെ വീട്ടുകാര്‍ വന്ന് പച്ചക്കറി വാങ്ങുന്നതിനാല്‍ കടകളില്‍ കൊണ്ടുപോയി വില്‍ക്കേണ്ടി വരുന്നില്ല. നാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ നിരവധി പേര്‍ തോട്ടത്തിലെത്തുന്നുണ്ട്. കടകളില്‍ വില്‍ക്കുന്നതിനേക്കാള്‍ വില കുറച്ചാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് പച്ചക്കറികള്‍ വില്‍ക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.