Latest News

പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി

പാലക്കാട്: പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗണ്‍സിലര്‍മാരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യരാക്കി. കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 143എ പ്രകാരം നിശ്ചിത സമയ പരിധിക്കുള്ളില്‍ ആസ്തി-ബാദ്ധ്യതാവിവരം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് കമ്മീഷന്റെ നടപടി. കൗണ്‍സിലര്‍മാരുടെ തന്നെ പരാതിയില്‍ പരാതിക്കാരെ അടക്കമാണ് അയോഗ്യരാക്കിയിട്ടുള്ളത്.[www.malabarflash.com] 
2015 നവംബര്‍ 12-ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായി ചുമതലയേറ്റ ഇവര്‍ 30 മാസത്തിനുള്ളില്‍ നിശ്ചിത ഫോറത്തില്‍ ആസ്തി-ബാദ്ധ്യതാ വിവരങ്ങള്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള കൊച്ചിയിലെ അര്‍ബന്‍ അഫയേഴ്‌സ് മേഖലാ ജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമായിരുന്നു. കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 91(പി) പ്രകാരം അയോഗ്യത കല്പിച്ച ഇവര്‍ക്ക് ഇതോടെ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമായി.

പട്ടാമ്പി നഗരസഭയില്‍ ആകെയുള്ള 28 കൗണ്‍സിലര്‍മാരില്‍ ഉമ്മര്‍ പാലത്തിങ്കല്‍, മണികണ്ഠന്‍ കെ. സി, കെ. വി. എ. ജബ്ബാര്‍, കുഞ്ഞുമുഹമ്മദ് റഷീദ്, മുഷ്താഖ് അബ്ദുല്‍ നസീര്‍, എ. കെ. അക്ബര്‍, അബ്ദുല്‍ ഹക്കീം റാസി, കെ. ബഷീര്‍, ബള്‍ക്കീസ്, വിനീത ഗിരീഷ്, മുനീറ, ജയലേഖ.കെ, കൃഷ്ണവേണി, ഗിരിജ, സുനിത. പി. പി, ആമിന, ഷീജ, സംഗീത, സുബ്രഹ്മണ്യന്‍. പി, റഹ്‌നാ. ബി, എം. വി. ലീല, എന്‍. മോഹനസുന്ദരന്‍, ഗീത. പി, കെ. സി. ഗിരിഷ് എന്നിവര്‍ക്കാണ് അംഗത്വം നഷ്ടപ്പെട്ടത്.

മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ. സി. ഗിരിഷ്, പി. ഗോപാലന്‍, കെ. പ്രകാശന്‍, ഇര്‍ഷാദ്. സി. എം, ജിതീഷ്, എം. അസീസ്, എം. കെ. സുന്ദരന്‍, എ. പി. കൃഷ്ണവേണി എന്നിവര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി. അയോഗ്യരാക്കിവരുടെ കൂട്ടത്തില്‍ പരാതിക്കാരായ കെ. സി. ഗിരിഷും കൃഷ്ണവേണിയും ഉള്‍പ്പെടും. 

സ്ഥാനം നഷ്ടപ്പെട്ടവരില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ ഉള്‍പ്പെടുന്നു. ഭൂരിപക്ഷ അംഗങ്ങളും അയോഗ്യരാക്കപ്പെട്ടതിനാല്‍ മുനിസിപ്പാലിറ്റി ആക്ടിലെ 64-ാം വകുപ്പ് പ്രകാരം പട്ടാമ്പി മുനിസിപ്പല്‍ കൗണ്‍സിലിനെ പിരിച്ച് വിടേണ്ട സാഹചര്യമാണ് സംജാതമായിട്ടുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.