മുംബൈ: പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍(ഐആര്‍എഫ്) സ്ഥാപകനുമായ ഡോ. സാകിര്‍ നായികിനു വേണ്ടി പണം പിരിച്ചെന്നാരോപിച്ച് ദുബൈ ആസ്ഥാനമായുള്ള ജ്വല്ലറി വ്യാപാരിയെ അറസ്റ്റ് ചെയ്തു. അബ്ദുല്‍ ഖാദിര്‍ നജ്മുദ്ദീന്‍ സാതകിനെയാണ് വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്്ടറേറ്റ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
സാകിര്‍ നായികുമായി ബന്ധമുള്ള ചാനലായ പീസ് ടിവിയുടെ ദുബയ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍(ജിബിസി) ഡയറക്ടറായ ഇദ്ദേഹം 79 കോടി രൂപ വീഡിയോ ശേഖരണത്തിലൂടെയും മറ്റും സ്വരൂപിച്ച് സംശയകരമായ രീതിയില്‍ കൈമാറ്റം ചെയ്‌തെന്നാണ് ഇഡിയുടെ ആരോപണം.
പ്രത്യേക സമുദായത്തിനിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിച്ചെന്നും ആരോപിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ സാതകിനെ മാര്‍ച്ച് 27 വരെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു. കള്ളപ്പണം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ജിബിസി മുംബൈയിലെ ഹാര്‍മണി മീഡിയാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 79 കോടി രൂപ വഴിവിട്ട് സഹായം ചെയ്‌തെന്നാണ് ആരോപണം. ഹാര്‍മണി മീഡിയാസിന്റെ രണ്ടു ഡയറക്ടര്‍മാരില്‍ ഒരാളായ ആമിര്‍ ഗസ്ദാറിനെ 2017 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. സാകിര്‍ നായികിന്റെ സഹോദരി മൈലാഹ് നൂറാനിയാണ് മറ്റൊരു ഡയറക്ടര്‍. ജിബിസി ഹാര്‍മണി മീഡിയയ്ക്കു നല്‍കിയ പണത്തെ കുറിച്ച് പരസ്യപ്പെടുത്തുകയോ സാതക് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയോ ചെയ്തില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍, യുഎഇ രാജകുമാരന്‍ ഉള്‍പ്പെടെ രാജകുടുംബത്തിലെ പലരും സംഭാവനയായി നല്‍കിയ തുകയാണ് ഇതെന്നാണ് സോതകിന്റെ വാദം. മതപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പീസ് ടിവിയിലെ പരിപാടികള്‍ക്കു വേണ്ടിയാണ് തുക നല്‍കിയതെന്നും സോതക് പറഞ്ഞു.
2017 ഡിസംബറില്‍ ഇന്ത്യയിലെത്തിയിരുന്ന സാതക് ദുബയില്‍ നിന്ന് ചെന്നൈയിലേക്കും കാഠ്മണ്ഡു വഴി ഗോരഖ്പൂരിലേക്കും വാരണാസിയിലേക്കും പോയതായി പറയുന്നുണ്ട്. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളെയൊന്നും അറിയിക്കാതെയാണ് യാത്ര ചെയ്തതെന്നാണ് ഇഡി റിമാന്‍ഡ് റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്.
എന്നാല്‍, സാതകിന്റെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ കൈമാറേണ്ടതില്ലെന്നും അദ്ദേഹത്തിനെതിരേ ഇഡി പുറത്തിറക്കിയ ലൂക്ക് ഔട്ട് നോട്ടീസ് റദ്ദാക്കാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നതായും അഭിഭാഷകന്‍ പറഞ്ഞു.
ഇഡി സാതകിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. ഇപ്പോള്‍ മലേസ്യയില്‍ കഴിയുന്ന സാകിര്‍ നായിക് 2004നും 2007നും ഇടയില്‍ യുഎഇ, ബഹ്‌റയ്ന്‍, കുവൈത്ത്, ഒമാന്‍, ഇന്ത്യ എന്നീ രാഷ്ട്രങ്ങളില്‍ നിന്നായി സംഭാവന ഇനത്തില്‍ 65 കോടിയോളം രൂപ സ്വരൂപിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം.
സംശയകരമായ ഉറവിടങ്ങളില്‍ നിന്നു സ്വീകരിച്ച 49 കോടി രൂപ കൊണ്ട് മുംബൈയിലും പൂനയിലും 20ഓളം ഫഌറ്റുകള്‍ വാങ്ങിയിട്ടുണ്ടെന്നും ഇഡി പറയുന്നു. ഇതെല്ലാം നായികിന്റെ ഭാര്യയുടെയും മാതാപിതാക്കളുടെയും മക്കളുടെയും പേരിലാണ്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ 51 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി എന്‍ ഐഎ അന്വേഷിക്കുന്ന കേസുകളുടെ അടിസ്ഥാനത്തില്‍ സാകിര്‍ നായികിനെ പ്രഖ്യാപിത കുറ്റവാളിയായി മുംബൈ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശിലെ ധക്കയിലുണ്ടായിരുന്ന സ്‌ഫോടനത്തില്‍ പിടിയിലായവര്‍ സാകിര്‍ നായികിന്റെ പ്രഭാഷണം സ്വാധീനിച്ചാണ് ആക്രമണം നടത്തിയതെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സാകിര്‍ നായികിനെതിരേ നടപടി തുടങ്ങിയത്. എന്നാല്‍, ആരോപണം തെറ്റായിരുന്നുവെന്ന് വാര്‍ത്ത നല്‍കിയ മാധ്യമം തിരുത്തിയെങ്കിലും സാകിര്‍ നായികിനെതിരേ നടപടികള്‍ തുടരുകയായിരുന്നു.
2016 ജൂലൈ ഒന്നിന് ഇന്ത്യയില്‍ നിന്നു പോയ നായിക് പിന്നീട് തിരിച്ചെത്തിയിട്ടില്ല. 2016 നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ സാകിര്‍ നായികിന്റെ ഐആര്‍എഫിനെ യുഎപിഎ വകുപ്പുകള്‍ ഉപയോഗിച്ച് നിരോധിച്ചിരുന്നു.
No comments:
Post a Comment