മുതുകുളം: ഗ്രാമത്തെ മുഴുവന്‍ ദുഖത്തിലാഴ്‌ത്തി നായകനും വില്ലനും സ്‌ക്രീനില്‍ നിന്നും ജീവിതത്തില്‍ നിന്നും മാഞ്ഞു. വെള്ളിയാഴ്ച്ച എറണാകുളം കളമശേരിയിലുണ്ടായ വാഹനാപകടത്തിലാണ് ചിങ്ങോലി വന്ദികപ്പള്ളി സ്വദേശികളായ ലാല്‍കൃഷ്‌ണ(24)യും മുഹ്‌സി(24)നും മരിച്ചത്.[www.malabarflash.com]
ഇരുവരും ചേര്‍ന്ന് തയാറാക്കിയ ഹ്രസ്വചിത്രത്തിലെ നായകന്‍ ലാല്‍കൃഷ്‌ണയും വില്ലന്‍ മുഹ്‌സിനുമായിരുന്നു. വാഹനാപകടം ഇവരുടെ ജീവിതത്തില്‍ ആന്റി ക്ലൈമാക്‌സ് ആവുകയായിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ ഇരുവരും ഒന്നിച്ചായിരുന്നു. ചിങ്ങോലി എന്‍.ടി.പി.സി ജങ്‌ഷന് തെക്കും വടക്കുമായി ഇരുന്നൂറു മീറ്റര്‍ അകലം മാത്രമേ ഇവരുടെ വീടുകള്‍ തമ്മിലുള്ളൂ.
കളമശേരിയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ബൈക്കപകടത്തിലാണ് ഇവര്‍ മരിച്ചത്. ഭക്ഷണം വാങ്ങാന്‍ പോയ ഇവരുടെ ബൈക്ക് ഡിവൈഡറില്‍ തട്ടിയായിരുന്നു അപകടം. കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ ജീവനക്കാരനാണ് മുഹ്‌സിന്‍. ലാല്‍കൃഷ്‌ണ ഡിസൈനറാണ്. ഇരുവരും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ കൂട്ടായ്‌മയില്‍ പൂര്‍ത്തിയായ ഹ്രസ്വചിത്രം ദ്വിമുഖി റിലീസ് ചെയ്യാന്‍ തയാറെടുക്കുമ്പോഴായിരുന്നു അപകടം.
കെ.പി.എ.സിയിലെ നടനായ മധുകുട്ടന്റെ മകനായ ലാല്‍കൃഷ്‌ണയാണ് ഇതിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. മൂന്നു വര്‍ഷമായി ലാല്‍ മനസില്‍ കൊണ്ടു നടന്ന കഥയാണ് ഹ്രസ്വചിത്രമാക്കിയത്. ഇതിന്റെ ടീസര്‍ റിലീസ് ചെയ്‌തിരുന്നു. ഇതിനിടയിലാണ് അപകടം ഇരുവരെയും മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടില്‍ എത്തിച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ ആദരാജ്‌ഞലികള്‍ അര്‍പ്പിച്ചു. ലാല്‍കൃഷ്‌ണയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മുഹ്‌സിന്റെ മൃതദേഹം വന്ദികപ്പള്ളി ജുമാമസ്‌ജിദില്‍ ഖബറടക്കി.
No comments:
Post a Comment