Latest News

കാസര്‍കോടന്‍ ചുവപ്പുകോട്ടയുടെ ആധിപത്യം നിലനിര്‍ത്താന്‍ സതീഷ്ചന്ദ്രന്‍

കാസര്‍കോട്: കാസര്‍കോടന്‍ കോട്ട നിലനിര്‍ത്താന്‍ സിപിഎം കമ്പല്ലൂര്‍ കോട്ടയിലെ പടക്കുറുപ്പിനെ അങ്കത്തിനിറക്കി. പ്രബല ജന്മി കുടുംബമായ കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടിലെ ഗോവിന്ദന്‍ നമ്പ്യാരുടെയും, കുഞ്ഞുലക്ഷ്മി അമ്മയുടെയും ഏക മകന്‍ കെ പി സതീഷ്ചന്ദ്രനെന്ന അങ്കച്ചേകവന് കാസര്‍കോടന്‍ ചുവപ്പുകോട്ടയുടെ ആധിപത്യം നിലനിര്‍ത്താനാവുമെന്നു തന്നെയാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

രണ്ടു തവണ തൃക്കരിപ്പൂര്‍ എംഎല്‍എ ആയ സതീഷ്ചന്ദ്രന് മണ്ഡലത്തില്‍ നല്ല വേരോട്ടമുണ്ട്. അന്നു നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ എതിരാളികളുടെ വോട്ടും പെട്ടിയിലാക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. 

ജില്ലാ സെക്രട്ടറി എന്ന നിലയില്‍ കാസര്‍കോടിന്റെ മുക്കിലും മൂലയിലും കടന്നുചെന്നിട്ടുള്ള അനുഭവവും മുതല്‍ക്കൂട്ടാക്കാമെന്ന് കണക്കുകൂട്ടുന്നു. ഒപ്പം തന്നെ പിതാവിന്റെ കുടുംബ ബന്ധവും അനുകൂല ഘടകമാകുമെന്നാണ് പ്രതീക്ഷ. ബിജെപിക്കും യുഡിഎഫിനും ഏറെ മുമ്പേ തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ഏറെ നേരത്തേ തന്നെ പര്യടനം ആരംഭിക്കാനും കഴിയും. 

സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് വെളളിയാഴ്ച രാവിലെ നാട്ടിലെത്തിയ സതീഷ്ചന്ദ്രന്‍ ശനിയാഴ്ച പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്ന ഉടന്‍ തന്നെ പ്രചാരണത്തിന് തുടക്കം കുറിക്കും.

ഒട്ടേറെ ഗ്രാമങ്ങള്‍ അധീനതയിലുണ്ടായിരുന്ന കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ട് ജന്മിയായിരുന്ന സതീഷ്ചന്ദ്രന്റെ പിതാവ് ഗോവിന്ദന്‍ നമ്പ്യാര്‍ പക്ഷെ ഉള്ളുകൊണ്ട് കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. 

ഐക്യകേരളത്തിന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാട് നീലേശ്വരത്ത് ആദ്യമായി വോട്ടഭ്യര്‍ത്ഥിച്ചു ചെന്നത് ഗോവിന്ദന്‍ നമ്പ്യാരുടെ അടുക്കലേക്കായിരുന്നു. അന്ന് നീലേശ്വരം തമ്പുരാന്‍ വിലക്കിയിട്ടും ഗോവിന്ദന്‍ നമ്പ്യാര്‍ ഇ എം എസിനെ സ്വീകരിക്കുക മാത്രമല്ല പട്ടേനയിലെ പൊതുയോഗത്തില്‍ പ്രസംഗിക്കാനും ക്ഷണിച്ചുവരുത്തി. 

 അന്ന് ഇ എം എസ് പ്രസംഗിച്ച പട്ടേനയിലെ സ്ഥലം ഇന്ന് ഇ എം എസ് നഗര്‍ എന്നാണറിയപ്പെടുന്നത്. അച്ഛന്റെ ഉള്ളിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ബോധം തന്നെയാണ് പിന്നീട് സതീഷ്ചന്ദ്രനേയും സ്വാധീനിച്ചത്.

എസ്എഫ്‌ഐയുടെ നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച സതീഷ്ചന്ദ്രന്‍ പിന്നീട് യൂണിറ്റ് സെക്രട്ടറി, താലൂക്ക് പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ക്കു ശേഷം സംസ്ഥാന കമ്മിറ്റി അംഗവുമായി. 

രണ്ടു തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയ ശേഷമാണ് സതീഷ്ചന്ദ്രന്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച സാംസ്‌കാരിക പ്രസ്ഥാനമായ പട്ടേന ജനശക്തിയുടെ സ്ഥാപകനായ കെ പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കാലേക്കൂട്ടി തന്നെ ജനശക്തി പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചുകഴിഞ്ഞു.

സതീഷ്ചന്ദ്രന്റെ പേര് എഴുതി ചേര്‍ക്കാനുള്ള സ്ഥലം ഒഴിച്ചു നിര്‍ത്തി അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ചുവരെഴുത്തുകള്‍ പട്ടേനയില്‍ എഴുതി കഴിഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.