Latest News

മര്‍കസ് നോളജ് സിറ്റി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

ജിദ്ദ: വിദ്യാഭ്യാസ, ആരോഗ്യ, വാണിജ്യ, സാംസ്‌കാരിക സംരംഭമായ മര്‍കസ് നോളജ്‌സിറ്റി കോഴിക്കോട് കൈതപ്പൊയിലില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. 120 ഏക്കറിലാണ് നോളജ് സിറ്റി ഒരുങ്ങുന്നത്.[www.malabarflash.com]

യൂനാനി മെഡിക്കല്‍ കോളജ്, ലോ കോളജ്, പോസ്റ്റ്ഗ്രാജുവേറ്റ് സ്റ്റഡീസ് ഇന്‍ കൊമേഴ്‌സ്, ഐഡല്‍ സ്‌കൂള്‍ ഓഫ് ലീഡര്‍ഷിപ്പ്, കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, മലബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച് ആന്റ് ഡവലപ്‌മെന്റ്, ക്യൂന്‍സ്‌ലാന്റ് ഫോര്‍ വുമണ്‍ എജുക്കേഷന്‍ തുടങ്ങിയ പദ്ധതികള്‍ ഇതിനകം ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 

ആരോഗ്യ രംഗത്ത് ആധുനിക സൗകര്യത്തോടെ പാരമ്പര്യ യുനാനിചികിത്സക്ക് ഊന്നല്‍ നല്‍കി തുടക്കം കുറിച്ച ടൈഗ്രിസ് വാലിവെല്‍നസ് സെന്റര്‍ ഈ വര്‍ഷം ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യും. 

അന്താരാഷ്ട്ര പാഠ്യപദ്ധതിയും ആധുനിക സൗകര്യങ്ങളും ഉള്‍കൊള്ളുന്ന അലിഫ് ഗ്ലോബല്‍ സ്‌കൂളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. സ്‌കൂള്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് മോഡേണ്‍ സയന്‍സ് ജൂലൈ മുതല്‍ നോളജ് സിറ്റിയില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറും. 

അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും വേദിയാകുന്ന എക്‌സിബിഷന്‍ സെന്ററും അനുബന്ധമായി അതിഥികള്‍ക്ക് താമസിക്കാന്‍ 150 മുറികളുള്ള സ്റ്റാര്‍ഹോട്ടലും സപ്തംബറില്‍ ഉദ്ഘാടനം ചെയ്യും. ലൈബ്രറി ആന്‍ഡ് മ്യൂസിയം ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങും. 

2020 മാര്‍ച്ചില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്റര്‍ സൂക്കിന്റെ ഉദ്ഘാടനവും നടക്കുന്നുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, സ്‌കൂള്‍ ഓഫ് ഡിസൈന്‍, നഴ്‌സിംഗ് കോളജ്, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ സയന്‍സ് ആന്റ് ടെക്‌നോളജി തുടങ്ങിയ പദ്ധതികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 

വ്യത്യസ്ത സംരംഭങ്ങളും പദ്ധതികളും ഉള്‍കൊള്ളുന്ന ബഹുമുഖ ടൗണ്‍ഷിപ് പദ്ധതി 2020 ഓടു കൂടെ പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകുന്നതോടെ കേരളത്തിലെ വൈജ്ഞാനിക വാണിജ്യ സാംസ്‌കാരിക രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഇടമായി മര്‍കസ് നോളജ് സിറ്റി മാറുമെന്ന് മാനേജ്‌മെന്റ് അവകാശപ്പെട്ടു. 

ജിദ്ധയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മര്‍കസ് ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് ജിദ്ദ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ നാസര്‍ അന്‍വരി, മുജീബ് റഹ് മാന്‍ എആര്‍ നഗര്‍, ബാവ ഹാജി കൂമണ്ണ, അബ്ദുള്‍ റഊഫ് പൂനൂര്‍, അഷ്‌റഫ് കൊടിയത്തൂര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.