Latest News

കുരുന്നുജീവനെതിരേ വര്‍ഗീയ പരാമര്‍ശം; സംഘപരിവാര്‍ പ്രവര്‍ത്തകനെതിരേ ഡിജിപിക്ക് പരാതി

കോഴിക്കോട്: ഹൃദയത്തിന് തകരാറുള്ള കുരുന്നിന്റെ ജീവനുവേണ്ടി കേരളം ഒരേമനസോടെ ഒത്തുചേര്‍ന്നപ്പോള്‍ വര്‍ഗീയവിഷം ചീറ്റുന്ന പരാമര്‍ശവുമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സംഘപരിവാര്‍ പ്രവര്‍ത്തകനെതിരേ ഡിജിപിക്ക് പരാതി നല്‍കി.[www.malabarflash.com] 

15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെതിരേയും മാതാപിതാക്കള്‍ക്കെതിരേയും വര്‍ഗീയപരാമര്‍ശം നടത്തിയ ബിനില്‍ സോമസുന്ദരനെതിരേ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ശ്രീജിത്ത് പെരുമനയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
സമൂഹത്തില്‍ വര്‍ഗീയതയും വര്‍ഗീയ കലാപങ്ങളുമുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും വ്യക്തിഹത്യകളും സൈബര്‍ നിയമപ്രകാരവും പീനല്‍കോഡ് പ്രകാരവും ക്രിമിനല്‍ കുറ്റകൃത്യമായതിനാല്‍ അടിയന്തരമായി അന്വേഷണം നടത്തി ഇയാള്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. 

സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെയും പോസ്റ്റുകളുടെയും വിവരങ്ങള്‍ ഉള്ളടക്കം ചെയ്താണ് ശ്രീജിത്ത് പരാതി നല്‍കിയത്. മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് മാര്‍ഗമെത്തിച്ച കുഞ്ഞിന്റെ ചികില്‍സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ബിനിലിന്റെ വര്‍ഗീയ പോസ്റ്റ്. 

'കെഎല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായി കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ- മിത്താഹ്' ദമ്പതികളുടേതാണ്. ചികില്‍സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്!' ഇങ്ങനെയാണ് ബിനില്‍ സോമസുന്ദരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

ഹിന്ദുരാഷ്ട്രയുടെ സേവകനെന്ന് സ്വയം പരിചയപ്പെടുന്ന ഇയാളുടെ വര്‍ഗീയപോസ്റ്റിനെ അനുകൂലിച്ച് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളും രംഗത്തെത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.