Latest News

കള്ളവോട്ട് ; വ്യാപക അക്രമം, നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ജില്ലയില്‍ കളളവോട്ടുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേററു. [www.malabarflash.com]

മേല്‍പമ്പിലെ ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം നമ്പര്‍ ബൂത്തിലെ കള്ളവോട്ട് തടയാന്‍ ശ്രമിച്ച എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാരെ മുസ്ലിംലീഗുകാര്‍ അക്രമിച്ചതായി പരാതി.
വള്ളിയോട്ടെ അനില്‍കുമാര്‍ (35), അരമങ്ങാനത്തെ സുധീഷ് (32) എന്നിവരെയാണ് ബൂത്തില്‍ കയറി അക്രമിച്ചത്. ഇതേ സ്‌കൂളില്‍ വോട്ടുചെയ്തു മടങ്ങുകയായിരുന്ന ഡിവെഎഫ്‌ഐ പ്രവര്‍ത്തകന്‍ അരമങ്ങാനത്തെ മുഹമ്മദ് റോഷനെയും (28) ലീഗുകാര്‍ അക്രമിച്ചു. കള്ളവോട്ട് ചെയ്ത ആളെ ചൂണ്ടിക്കാട്ടിയതിനാണ് അക്രമം.
കീഴൂരില്‍ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് അബ്ദുള്ള കുഞ്ഞിയെ (55) മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതായും പരാതിയുണ്ട്. ഇയാളുടെ കട തകര്‍ത്തു. കീഴൂര്‍ ജിഎഫ് യൂപി സ്‌കൂളിലെ ബൂത്തില്‍ ലീഗുകാര്‍ കള്ളവോട്ട് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യത്തിലാണ് അബ്ദുള്ള കുഞ്ഞിയെ അക്രമിക്കുകയും കീഴൂരിലെ കട തകര്‍ക്കുകയും ചെയ്തത്.
കള്ളവോട്ട് നടക്കുന്നുവെന്ന് പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് പടന്നക്കാട് എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അക്രമത്തില്‍ പരിക്കേറ്റ മൂന്ന് യുഡിഎഫ് പ്രവര്‍ത്തകരെ കാഞ്ഞങ്ങാട്ടെ കേരള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
പടന്നക്കാട് എസ് എന്‍ ടിടിഐയിലെ 167ാം നമ്പര്‍ ബൂത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായത്. സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ പോളിംഗ് കേന്ദ്രത്തില്‍ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. പിന്നീട് പോലീസും മറ്റും ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.
പിന്നീട് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൗണ്ടറില്‍ ഇരിക്കുമ്പോള്‍ ഒരു സംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ യുഡിഫ് പ്രവര്‍ത്തകരെ ആക്രമിച്ചത്.
ചട്ടഞ്ചാല്‍ തെക്കില്‍ വെസ്റ്റ് സ്‌കൂളിലെ 27ാം നമ്പര്‍ ബൂത്തില്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏററുമുട്ടി.
ഇരുവിഭാഗം പ്രവര്‍ത്തകരും ആദ്യം വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും പിന്നീട് പോളിംഗ് കേന്ദ്രത്തില്‍ വെച്ച് തന്നെ ഏറ്റുമുട്ടുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ (38), യുഡിഎഫ് ബൂത്ത് ഏജന്റ് അബ്ദുല്‍ ഖാദര്‍ മല്ലം, പ്രവാസി കോണ്‍ഗ്രസ് ചെമനാട് മണ്ഡലം പ്രസിഡന്റും തെക്കിലിലെ സി മൊയ്തീന്‍കുട്ടിയുടെ മകനുമായ ജലീല്‍ (38), സിപിഎം ബൂത്ത് ഏജന്റുമാരായ തെക്കില്‍ ഫെറിയിലെ ടി പി സുബൈര്‍, ഷാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ അബ്ദുല്‍ ഖാദര്‍ മല്ലത്തിനും ജലീലിനുമാണ് കുത്തേറ്റത്. ഇവര്‍ക്ക് വയറിനും കൈക്കുമാണ് പരിക്ക്. 

പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ കാസര്‍കോട് കിംസ് ആശുപത്രിയിലും അക്രമത്തില്‍ പരിക്കേറ്റ എല്‍ഡിഎഫ് പ്രവര്‍ത്തകരായ ടി പി സുബൈര്‍, ഷാജു എന്നിവരെ ചെങ്കള നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് യുഡിഎഫും കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് എല്‍ഡിഎഫും പരാതിപ്പെട്ടു.
ഉദുമ എംഎല്‍എയുടെ മകന്റെ നേതൃത്വത്തില്‍ ബിജെപി ബൂത്ത് ഏജന്റിനെ അക്രമിച്ചതായി പരാതി. ഉദുമ നിയോജക മണ്ഡലത്തിലെ 132ാം നമ്പര്‍ ബൂത്തായ കൂട്ടക്കനി സ്‌കൂളിലെ ബിജെപി ബൂത്ത് ഏജന്റ് സന്ദീപിനാണ് മര്‍ദനമേറ്റത്.
ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മകന്‍ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ബൂത്ത് ഏജന്റായ സന്ദീപിനെ മര്‍ദിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി. 

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ജില്ലാ കളക്ടര്‍ക്കും ഡിവൈഎസ്പിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ മഹ് മൂദ് മുറിയനാവിയെ ബൂത്തില്‍ കയറി അക്രമിച്ചു. ഒരു സംഘം ലീഗ് പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന മഹ് മൂദ് മുറിയനാവി പറഞ്ഞു. മുറിയനാവി പിപിടിഎഎല്‍പി സ്‌കൂളില്‍ വെച്ച് വൈകീട്ട് 3.30 മണിയോടെയായിരുന്നു സംഭവം.
വോട്ട് ചെയ്യാനെത്തിയ മഹമൂദിനെ കള്ളവോട്ട് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഉദുമയില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്കെതിരെ സിപിഎം അക്രമം നടത്തിയതായി പരാതി. അക്രമത്തില്‍ ബൂത്ത് ഏജന്റുമാരായ ഹാരിസ് അങ്കക്കളരി, ഹബീബ് കോട്ടിക്കുളം, അഷ്റഫ് എന്നിവര്‍ക്ക് പരിക്കേറ്റു. ഉദുമ പഞ്ചായത്ത് 98 ാം നമ്പര്‍ ബൂത്തായ തിരുവക്കോളിയിലാണ് സംഭവം. 

വോട്ടിംഗ് സമയം കഴിഞ്ഞ് ഹാരിസും ഹബീബും പോലീസ് വാഹനത്തില്‍ ഇരിക്കുമ്പോഴാണ് വാഹനത്തിന് വാതില്‍ തുറന്ന് പോലീസ് നോക്കിനില്‍ക്കെ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടത്.
അക്രമം തടയാനെത്തിയപ്പോഴാണ് അഷ്റഫിനെയും സംഘം ആക്രമിച്ചത്. അക്രമത്തില്‍ ഹാരിസിന്റെ മുന്‍പല്ലിന് പരിക്കേറ്റിട്ടുണ്ട്. 

മുന്‍കാലങ്ങളില്‍ സിപിഎം കള്ളവോട്ടുകള്‍ ചെയ്തിരുന്ന ബൂത്തില്‍ ഇത്തവണ അതിന് സാധിക്കാതെ വന്നതോടെയാണ് പരാജയഭീതി പൂണ്ട സിപിഎം അക്രമം അഴിച്ച് വിട്ടതെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു.
സംഭവത്തില്‍ യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ കെ ബി എം ശരീഫ്, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി, ഡിസിസി സെക്രട്ടറി ഗീത കൃഷ്ണന്‍ എന്നിവര്‍ അപലപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.