Latest News

100 വര്‍ഷം മുന്‍പ് കാണാതായ വിഗ്രഹം മുന്‍ പൂജാരിയുടെ വീടിന്റെ ചുമരിനുള്ളിൽ നിന്ന് കണ്ടെത്തി

മധുര: തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപമുള്ള അമ്പലത്തില്‍ നിന്ന് 1915 ല്‍ കാണാതായ അപൂര്‍വ വിഗ്രഹം മുന്‍ പൂജാരിയുടെ വീട്ടിലെ ചുമരിനുള്ളിൽ നിന്ന് കണ്ടെത്തി. 700 വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വിഗ്രഹമാണ് 100 വര്‍ഷത്തിന് ശേഷം കണ്ടെത്തിയത്.[www.malabarflash.com]

800 വര്‍ഷം പഴക്കമുള്ള അമ്പലം മധുര മേലൂരില്‍ നാഗയ്ക്കടൈയ് തെരുവിലാണ് സ്ഥിതി ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1915ല്‍ അമ്പലത്തിലെ അന്നത്തെ രണ്ട് പൂജാരിമാരിലൊരാളായ കന്ദസാമിയാണ് വിഗ്രഹം മോഷ്ടിച്ചത്. അന്നത്തെ കാലത്ത് ഏറെ അന്വേഷണം നടന്നെങ്കിലും കേസ് തെളിയിക്കാനായില്ല.

രണ്ടാമത്തെ പൂജാരിയുമായുള്ള അഭിപ്രായ വ്യത്യാസം കാരണം കന്ദസാമി വിഗ്രഹം മോഷ്ടിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. അന്നത്തെ ബ്രിട്ടീഷ് പോലീസില്‍ പരാതി കൊടുത്തെങ്കിലും അവര്‍ക്ക് കേസ് തെളിയ്ക്കാനായില്ല. ഇതേസമയം വീട്ടിലെ ചുമരില്‍ ഒരു ദ്വാരം ഉണ്ടാക്കിയ കന്ദസാമി അതിനുള്ളില്‍ വിഗ്രഹം നിക്ഷേപിച്ച ശേഷം സിമന്റ് ഇട്ട് ഉറപ്പിക്കുകയായിരുന്നു.

ആറ് മാസം മുന്‍പ് കന്ദസാമിയുടെ കൊച്ചുമകനായ മുരുകേശന്‍ കുടുംബ വീടിന്റെ ചുമരിന്റെ ഉള്ളില്‍ വിഗ്രഹം ഉള്ളതായി തനിക്ക് സംശയം ഉള്ളതായി അമ്പലത്തില്‍ പോയി പറയുകയായിരുന്നു. മതിലിന്റെ ഒരു പ്രത്യേക ഭാഗത്തേക്ക് നോക്കി തന്റെ അച്ഛന്‍ സ്ഥിരമായി പ്രാര്‍ഥിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുരുകേശന് ഇത്തരത്തില്‍ സംശയമുണ്ടായത്. കുടുംബാംഗങ്ങള്‍ക്ക് നിരന്തരമായി അസുഖങ്ങള്‍ വരാന്‍ തുടങ്ങിയതോടെ ദൈവകോപം ഭയന്നാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ തയ്യാറായത്.

നിയമനടപടികള്‍ക്ക് ശേഷം പോലീസ് നേതൃത്വത്തില്‍ വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനില്‍ നിന്ന് അനുമതി വാങ്ങി വീട്‌ തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുരുകേശന്‍ പറഞ്ഞ കൃത്യം ഭാഗത്ത് നിന്ന് വിഗ്രഹം കണ്ടെടുത്തു. ദ്രൗപതി അമ്മന്‍ വിഗ്രഹം ക്ഷേത്ര രേഖകളില്‍ പറയുന്ന അടയാളങ്ങളുമായി ഒത്ത് നോക്കി കാണാതായ വിഗ്രഹം തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. പ്രത്യക പൂജകള്‍ നടത്തിയ ശേഷം വിഗ്രഹം അമ്പലത്തില്‍ പുനസ്ഥാപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.