Latest News

കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയതല അംഗീകാരം

നീലേശ്വരം: ആരോഗ്യ സേവന ഗുണനിലവാരത്തിന് കേന്ദ്ര സർക്കാർ നൽകുന്ന നാഷണൽ ക്വാളിറ്റി അഷൂറൻസ് അവാർഡിന് ദേശീയതലത്തിൽ നാലാം സ്ഥാനത്തിനും സംസ്ഥാനതലത്തിൽ മൂന്നാമതായും കരിന്തളം എഫ്.എച്ച്.സി. അർഹതനേടി.[www.malabarflash.com] 

സംസ്ഥാന സർക്കാരിന്റെ കായകൽപ അവാർഡിന് പിന്നാലെയാണ് ഈ നേട്ടം. കൂടാതെ സംസ്ഥാന സർക്കാരിന്റെ കെ.എ.എസ്.എച്ച്. അക്രിഡിറ്റേഷൻ ലഭിക്കാനുള്ള പരിഗണനാ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

1987-ൽ ഗവ. റൂറൽ ഡിസ്പൻസറിയായി പ്രവർത്തനം തുടങ്ങിയ സ്ഥാപനം 1990-ൽ പ്രാഥമികാരോഗ്യ കേന്ദ്രവും 2018 മാർച്ച് 24-ന് കുടുംബാരോഗ്യ കേന്ദ്രവുമായി ഉയർത്തപ്പെട്ടു. ഇവിടെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ അത്യാഹിത വിഭാഗം, ഒ.പി. വിഭാഗം, ലാബ്, ഫാർമസി, ഇ.സി.ജി. എന്നീ സേവനങ്ങൾ ലഭ്യമാണ്. ഇവയൊക്കെ പഴയകെട്ടിടത്തിൽ തന്നെയാണ് ഒരുക്കിയതെന്നതാണ് ശ്രദ്ധേയം. 

എഫ്.എച്ച്.സി.ക്ക് പുതിയ കെട്ടിടത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ രണ്ട് കോടി രൂപയും പ്രഭാകരൻ കമ്മീഷൻ പാക്കേജിൽ നിന്നും രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

തിങ്കളാഴ്ചകളിൽ ശ്വാസ് ക്ലിനിക്, ചൊവ്വാഴ്ച ആശ്വാസം ക്ലിനിക്, പാലിയേറ്റീവ് ഒ.പി., ബുധനാഴ്ച ജീവിത ശൈലി രോഗനിർണയ ക്യാമ്പ്, വ്യാഴാഴ്ച വയോജന ക്ലിനിക്, വെള്ളിയാഴ്ച ഗർഭണികൾക്കുള്ള ക്ലിനിക, ശനിയാഴ്ച കുട്ടികൾക്കുള്ള ക്ലിനിക്, ഞായറാഴ്ച കൗമാരക്കാർക്കുള്ള ക്ലിനിക്, മാസത്തിൽ ഒരുതവണ കണ്ണ് പരിശോധന എന്നീ സേവനങ്ങളുമുണ്ട്. 

നിലവിൽ നാല് ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. ആസ്പത്ര വികസനത്തിനായുള്ള ഫണ്ട് ദേശീയ ആരോഗ്യ മിഷനും കരിന്തളം പഞ്ചായത്തുമാണ് നൽകുന്നത്. ആസ്പത്ര വികസന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.