Latest News

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിയുടെ സംസ്‌കാരം ശ്രീലങ്കയില്‍ നടത്തും

കൊളംബോ: ശ്രീലങ്കയില്‍ ഞായറാഴ്ച  നടന്ന സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം തിങ്കളാഴ്ച  ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു.[www.malabarflash.com]

ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ശ്രീലങ്കയില്‍ തന്നെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ നിശ്ചയിക്കുകയായിരുന്നു. 

റസീനയുടെ പിതാവ് പി എസ് അബ്ദുല്ലയും ബന്ധുക്കളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയിലേക്ക് കുടിയേറിയതാണ്. ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ കുക്കാടിനൊപ്പമാണ് ദുബൈയില്‍ സ്ഥിര താമസമാക്കിയ റസീന ബന്ധുക്കളെ കാണാന്‍ ഒരാഴ്ച മുമ്പ് ശ്രീലങ്കയില്‍ എത്തിയത്. 

ശ്രീലങ്കയില്‍ സ്‌ഫോടനം നടന്ന ഷാന്‍ഗ്രി റിലാ ഹോട്ടലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിന് തൊട്ട് മുമ്പായിരുന്നു സ്‌ഫോടനം. ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ തലേദിവസം ദുബൈയ്ക്ക് പുറപ്പെട്ടിരുന്നു. ദുബൈ വിമാനത്താവളത്തില്‍ വച്ചാണ് ഇദ്ദേഹം സ്‌ഫോടനവിവരം അറിയുന്നത്. 

ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനപരമ്പരയില്‍ മരണം 215 ആയി. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതുകൊണ്ട് മരണസംഖ്യ ഉയരാനാണ് സാധ്യത. റസീനയെ കൂടാതെ ലക്ഷ്മി നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നീ ഇന്ത്യാക്കാരും ആക്രമണത്തില്‍ മരിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.